അർജന്റീനയുടെ സൂപ്പർ താരം ലയണല്‍ മെസിയെ കേരളത്തില്‍ കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പ് കേസില്‍ മുൻമന്ത്രി വി.അബ്ദുറഹ്മാനെ ചോദ്യം ചെയ്തതിനെ കുറിച്ച് അറിയില്ലെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്. അവർക്ക് അന്വേഷിക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്. അതില്‍ കൈകടത്താൻ ആഗ്രഹിക്കുന്നില്ല. നടപടി ക്രമങ്ങള്‍ മുന്നോട്ടു പോകട്ടെയെന്നും ജനീഷ് പറഞ്ഞു.
കേസില്‍ മുൻ മന്ത്രി അബ്ദുറഹ്മാനെയും സ്റ്റാഫ് അംഗങ്ങളെയും പ്രതികളാക്കിയേക്കും. വിദേശയാത്രയില്‍ അടക്കം മന്ത്രി അധികാര ദുർവിനിയോഗം നടത്തി എന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അഴിമതി തടയല്‍ നിയമം ഉള്‍പ്പെടുത്തി നിലവിലുള്ള കേസ് വിപുലീകരിക്കണമെന്ന ശിപാർശയും പ്രത്യേക സംഘം ഡിജിപിയ്ക്ക് നല്‍കുന്ന റിപ്പോർട്ടില്‍ ഉണ്ടാകുമെന്നണ് സൂചന.
കായിക വകുപ്പിലെ ഉദ്യോഗസ്ഥർ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തലാണ് കഴിഞ്ഞ ദിവസം മുൻ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തത്. വകുകളെയും ഉദ്യോഗസ്ഥരെയും ഇരുട്ടില്‍ നിർത്തി അബ്ദുറഹിമാൻ സ്വകാര്യ സ്പോണ്‍സർക്കായി നീക്കങ്ങള്‍ നടത്തിയെന്നായിരുന്നു മൊഴി.
സർക്കാർ പരിപാടി എന്ന നിലയിലുള്ള ഇടപെടല്‍ മാത്രമാണ് നടത്തിയതെന്നും എല്ലാറ്റിനും കൃത്യമായ രേഖയുണ്ടെന്നുമാണ് അബ്ദുറഹിമാൻ മൊഴി നല്‍കിയത്. മാഡ്രിഡിലേക്ക് മന്ത്രി നടത്തിയ വിദേശ യാത്രയെക്കുറിച്ച് കൃത്യമായ മറുപടി നല്‍കിയില്ല.
കേരളത്തിന്റെ കായിക വികസനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കാണ് പോയതെന്നാണ് മുൻ മന്ത്രി വിശദീകരിച്ചത്. ഈ യാത്രയ്ക്ക് 13 ലക്ഷം രൂപ സർക്കാർ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് പൊതു പ്രവർത്തകൻ അധികാരം തെറ്റായി ഉപയോഗിച്ചതിന്റെ ഭാഗമെന്ന വിലയിരുത്തലിലാണ് എസ്‌ഐടി.

