രാജ്യത്തെ ജനാധിപത്യവും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കുന്നതിനായി ഇന്ത്യാ സഖ്യത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും അണിനിരത്തി ഒക്ടോബര്‍ 2 മുതല്‍ 8 വരെ രാജ്യവ്യാപകമായി ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് കമ്മീഷണര്‍മാര്‍ നല്‍കിയ 14 കത്തുകളില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ പോലും അവഗണിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുന്ന ‘കള്ള കമ്മീഷനെ’ പുറത്താക്കുന്നതിനും, ഇതിന് ഉത്തരവാദികളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ജനങ്ങള്‍ക്ക് മുന്നില്‍ വിചാരണ ചെയ്യുന്നതിനുമുള്ള വലിയ പോരാട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബര്‍ 6-ന് എം.പിമാരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തുകയും നേതാക്കള്‍ അറസ്റ്റ് വരിച്ച് സമരം ശക്തമാക്കുകയും ചെയ്യും.
ഭരണകൂട വേട്ടയാടലുകള്‍ക്കിടയിലും അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിക്കാനും ശക്തമായ സമരങ്ങള്‍ നയിക്കാനും കേരളത്തിലെ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, ജനങ്ങളുടെ വോട്ടവകാശം പോലും നഷ്ടപ്പെടുന്ന തരത്തിലുള്ള ഇത്തരം വലിയ ഭീഷണികള്‍ക്കെതിരെ ഒന്നിച്ച് പോരാടുന്നതിനാണ് നാമെല്ലാവരും മുന്‍ഗണന നല്‍കേണ്ടതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു

