ദില്ലി: നീറ്റ് പിജി ഫലത്തെ സംബന്ധിച്ചുള്ള പരാതിയുമായി വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ. പരീക്ഷാ ഫലത്തിലെ സുതാര്യത ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഡെമോക്രാറ്റിക് മെഡിക്കൽ അസോസിയേഷനും (Democratic Medical Association) നീറ്റ് പിജി ഉദ്യോഗാർഥികളുമാണ് ഹർജിക്കാർ. ഫലപ്രഖ്യാപനത്തിൽ പിഴവ് ഉണ്ടായെന്ന് ഹർജിയിൽ പറയുന്നു. വിഷയത്തിൽ കോടതി ഇടപെടൽ തേടിയാണ് ഹർജി.
പരീക്ഷയിലെ ചോദ്യങ്ങളും എഴുതിയ ഉത്തരങ്ങളും ഓര്ത്തെടുത്ത് പരിശോധിച്ച് കണക്കാക്കിയ മാര്ക്കും യഥാര്ഥ ഫലത്തില് ലഭിച്ച മാര്ക്കും തമ്മില് വലിയ വ്യത്യാസമുണ്ടെന്നാണ് വിദ്യാര്ഥികള് പറയുന്നത്. പലര്ക്കും പ്രതീക്ഷിച്ചതിലും 50 മുതല് 100 വരെ മാര്ക്ക് കുറവാണെന്നും പറയുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്ക് മെഡിക്കല് വിദ്യാര്ഥികളുടെ സംഘടന പരാതി നല്കിയിട്ടുണ്ട്. മൂല്യനിര്ണയ നടപടികളില് കൂടുതല് സുതാര്യത വേണമെന്നും സംഘടന ആവശ്യപ്പെട്ടു.
പ്രതീക്ഷിച്ച മാര്ക്കും ലഭിച്ച മാര്ക്കും തമ്മിലുള്ള വ്യത്യാസം മാത്രം കണക്കിലെടുത്ത് മൂല്യനിര്ണയത്തില് പിഴവുണ്ടെന്ന് പറയാനാവില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഓഗസ്റ്റ് 30ന് രാജ്യത്തെ 1,111 കേന്ദ്രങ്ങളിലായി നടന്ന നീറ്റ് പിജി പരീക്ഷയില് 2,65,980 പേരാണ് പങ്കെടുത്തത്. ജയ്പുരിലെ രണ്ട് കേന്ദ്രങ്ങളിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്ന്ന് 2,445 പേരുടെ പരീക്ഷ പിന്നീട് വീണ്ടും നടത്തിയിരുന്നു.

