കോവളം സ്പാ പീഡനം: പെണ്‍കുട്ടിയെ എത്തിച്ച ബന്ധുക്കളായ ദമ്പതികള്‍ ആന്ധ്രയില്‍ പിടിയില്‍

കോവളം സ്പാ പീഡനം: പെണ്‍കുട്ടിയെ എത്തിച്ച ബന്ധുക്കളായ ദമ്പതികള്‍ ആന്ധ്രയില്‍ പിടിയില്‍

കോവളത്തെ സ്പായില്‍ പതിനാറുകാരി ലൈംഗികചൂഷണത്തിന് ഇരയായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും പൊലീസിന്റെ പിടിയിലായി. ആന്ധ്രപ്രദേശില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കുട്ടിയെ സ്പായില്‍ കൊണ്ടുവന്നത് ഇവരാണെന്ന് പൊലീസ് വ്യക്തമാക്കി.പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതാണെന്ന് തോന്നിപ്പിക്കാന്‍ ഇവര്‍ കുട്ടിയുടെ പേരില്‍ വ്യാജരേഖ തയ്യാറാക്കിയിരുന്നു. കേസില്‍ രണ്ട് സ്പാ ഉടമകളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സ്പായുടെ നടത്തിപ്പുമായി നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചതായും പൊലീസ് അറിയിച്ചു.

ഒരു സ്പാ ജീവനക്കാരി ഒപ്പം ജോലി ചെയ്തിരുന്ന യുവാവിനൊപ്പം ഒളിച്ചോടിയതാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്. ആന്ധ്ര സ്വദേശിയായ ഈ പെണ്‍കുട്ടിയെ കോവളം പൊലീസ് കണ്ടെത്തി വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്പായുടെ മറവിലെ ചൂഷണം വെളിപ്പെട്ടത്. പഠിച്ചിരുന്ന സ്‌കൂളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളില്‍ നിന്ന് കുട്ടിക്ക് 16 വയസ്സേ ഉള്ളൂവെന്ന് സ്ഥിരീകരിച്ചു.

കൗണ്‍സിലിങ്ങിനിടെയാണ് ബന്ധുക്കള്‍ കാട്ടിയ ക്രൂരതയെക്കുറിച്ചും സ്പായില്‍ നേരിട്ട ചൂഷണത്തെക്കുറിച്ചും കുട്ടി തുറന്നുപറഞ്ഞത്. രണ്ടാനമ്മയും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് ആദ്യം പെണ്‍കുട്ടിയെ ചെന്നൈയില്‍ കൊണ്ടുപോയി സ്പായില്‍ ജോലിക്ക് നിര്‍ത്തി. തുടര്‍ന്നാണ് വിഴിഞ്ഞത്തെ രണ്ട് സ്പാകളില്‍ എത്തിച്ചത്.

കൊച്ചിയില്‍ സ്പാ ജീവനക്കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ചൂഷണത്തിന് ഇരയായ വിവരം പുറത്തുവന്നത്.