ബേക്കറികൾ വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള ഉത്തരവിനു പിന്നിൽ പ്രവർത്തിച്ചത് അബ്കാരി ഡെപ്യൂട്ടി കമ്മീഷണറായിരുന്ന സി.കെ. അനിൽകുമാറാണെന്നു കണ്ടെത്തി. ഹോർട്ടി വൈൻ വിൽക്കാനുള്ള ഉത്തരവ് എക്സൈസ് കമ്മീഷണർ പുറത്തിറക്കിയത് അനിൽകുമാറിന്റെ നിർദേശപ്രകാരമാണെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്ന് അദ്ദേഹത്തെ ചുമതലയിൽനിന്നു നീക്കി.
അനിൽകുമാർ അവധിയിലായിരുന്നെങ്കിലും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെതന്നെ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങി. എന്നാൽ ഉത്തരവിൽ അദ്ദേഹത്തിനു പകരം ആർക്കും ചുമതല നൽകിയിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് അനിൽകുമാറിനെ അബ്കാരി ചുമതലയുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചത്.
ബേക്കറികളിലൂടെ വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായതാണ്. എന്നാൽ പുതിയ സർക്കാരിന്റെ മദ്യനയം വരുംമുമ്പ്, സർക്കാർ അറിയാതെ അതു നടപ്പാക്കിയതിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അതൃപ്തി അറിയിച്ചു. ഇതിനു പിന്നാലെ എക്സൈസ് മന്ത്രി എം. ലിജു വിഷയത്തിൽ ഇടപെട്ട് ആഭ്യന്തര അന്വേഷണം നടത്തി. അതിൽ അനിൽകുമാറിന്റെ പങ്ക് വ്യക്തമായതോടെയാണ് അദ്ദേഹത്തെ മാറ്റാൻ തീരുമാനിച്ചത്.മുഖ്യമന്ത്രിയോ വകുപ്പുമന്ത്രിയോ അറിയാതെ വീര്യം കൂടിയ വൈൻ വിൽപ്പനയ്ക്ക് നീക്കം നടത്തിയ ഉദ്യോഗസ്ഥൻ പരിധി ലംഘിച്ചുവെന്നാണ് സർക്കാരിന്റെ നിലപാട്. ഇതിന്റെ ഭാഗമായാണ് വിൽപ്പന മരവിപ്പിച്ചതും ഉദ്യോഗസ്ഥനെ മാറ്റിയതും. പുതിയ മദ്യനയത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് അനുമതി നൽകിയതെന്നത് സർക്കാർ ഗൗരവമായാണ് കാണുന്നത്.
പുതിയ എക്സൈസ് കമ്മീഷണർ ചുമതലയേറ്റ് രണ്ടു ദിവസത്തിനകമാണ് ഉത്തരവ് പുറത്തിറങ്ങിയത്. നിലവിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പഴയ നയപ്രകാരം ധാരണ നൽകിയതിനെത്തുടർന്നാണ് കമ്മീഷണർക്ക് ഇത്തരമൊരു ഉത്തരവിറക്കേണ്ടി വന്നതെന്നാണ് വ്യക്തമാകുന്നത്.എക്സൈസ് കമ്മീഷണർ സമർപ്പിക്കാനിരിക്കുന്ന വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം മന്ത്രി എം. ലിജുവും സർക്കാരും എന്തു കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയാനുള്ളത്. മദ്യനയം പ്രഖ്യാപിക്കുന്നതുവരെ വൈൻ വിൽപ്പന മരവിപ്പിച്ചിട്ടുണ്ട്.

