ചിന്നക്കനാലിലെ നാട്ടുകാരെ ഭീതിയിലാക്കിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യം ഇന്ന് ആരംഭിക്കും.
ദൗത്യത്തിനായി ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിൽ ബുധനാഴ്ച പുലർച്ചെ മുതൽ ദൗത്യം അവസാനിക്കുന്നതുവരെ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
നാല് ഡോക്ടർമാരടങ്ങുന്ന വനംവകുപ്പ് സംഘം ചിന്നക്കനാലിൽ ദൗത്യത്തിന് സജ്ജരായിരിക്കുന്നു. വയനാട്ടിൽനിന്ന് എത്തിച്ച കുങ്കിയാനകളും ദൗത്യത്തിന്റെ ഭാഗമാകും.
ഈ വാർഡുകളിലെ പൊതുസ്ഥലങ്ങളിലും ദൗത്യമേഖലയോട് ചേർന്ന അപകടസാധ്യതയുള്ള ഇടങ്ങളിലും അഞ്ചോ അതിലധികമോ പേർ കൂടിനിൽക്കുന്നതും സംഘം ചേരുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ദൗത്യസമയത്ത് അനാവശ്യമായി വീടുവിട്ടിറങ്ങുന്നതും ദൗത്യമേഖലയിലേക്ക് പോകുന്നതും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. കാട്ടാനയെ കാണാനായി ആളുകൾ കൂട്ടം കൂടരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
വനംവകുപ്പ്, പോലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യത്തിനായി ചുമതലപ്പെട്ടവരുമല്ലാതെ മറ്റാരും ദൗത്യസ്ഥലത്തേക്കോ സുരക്ഷാ ഉദ്യോഗസ്ഥർ നിശ്ചയിച്ച നിയന്ത്രിത മേഖലയിലേക്കോ പ്രവേശിക്കരുതെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കി.







