ഡിജെ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാവില്ലെന്ന് ഹൈക്കോടതി

ഡിജെ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊലീസ് എന്തുകൊണ്ടാണ് ഡിജെ പാര്‍ട്ടികളെ മാത്രം ലക്ഷ്യമിടുന്നതെന്നും കോടതി ചോദിച്ചു.

ബാറില്‍ നൃത്തമോ പാട്ടോ പാടില്ലെന്ന് പറയാനാകുമോ എന്നായിരുന്നു കോടതിയുടെ ഒരു ചോദ്യം. പള്ളികളിലും അമ്പലങ്ങളിലും ആളുകള്‍ നൃത്തം ചെയ്യാറില്ലേ എന്നും കോടതി ആരാഞ്ഞു. നൃത്തം ലഹരി ഉപയോഗത്തിന് കാരണമാകുമെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു. രാത്രി ജീവിതം തന്നെ നിരോധിക്കാനാകുമോ എന്നതും കോടതിയുടെ ചോദ്യങ്ങളില്‍ ഉള്‍പ്പെട്ടു.

ഹോട്ടലുകളില്‍ മദ്യവില്‍പ്പനയ്ക്ക് എതിര്‍പ്പില്ലെന്നിരിക്കെ, ഡിജെ പാര്‍ട്ടികള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ഡിജെ സംഗീതം ഒരു തൊഴിലാണെന്നും അതിനെ പൊതുവല്‍ക്കരിക്കരുതെന്നും കോടതി പറഞ്ഞു.

മയക്കുമരുന്നിനോട് വിട്ടുവീഴ്ചയില്ലെന്നും നിയമലംഘനം ഉണ്ടായാല്‍ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി. ഡിജെ പാര്‍ട്ടികള്‍ നിരീക്ഷിക്കാന്‍ പൊലീസിനെ വിന്യസിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിച്ചുകൊണ്ട് പൊലീസ് ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഈ സര്‍ക്കുലര്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. പഞ്ച നക്ഷത്ര ഹോട്ടലുകളിലെ ഡിജെ പാര്‍ട്ടികള്‍ ഉള്‍പ്പെടെ നിയന്ത്രണത്തിലാക്കിയ കൊച്ചി സിറ്റി പൊലീസിന്റെ നോട്ടീസുകള്‍ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. വാദത്തിനിടെയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.