പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കല്‍ ഇനി എത്ര തവണ? പുതിയ ചട്ടം അറിയാം

പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കല്‍ ഇനി എത്ര തവണ? പുതിയ ചട്ടം അറിയാം

കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം പൊല്യൂഷൻ അണ്ടർ കണ്‍ട്രോള്‍ (പിയുസി) സർട്ടിഫിക്കറ്റുകളുടെ കാലാവധി സംബന്ധിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി. വാഹന ഉടമകള്‍ ഈ നിർബന്ധിത രേഖ എത്ര ഇടവേളകളില്‍ പുതുക്കണമെന്നതിലാണ് മാറ്റം. വാഹനത്തിന്റെ എമിഷൻ സ്റ്റാൻഡേർഡ്, പഴക്കം, സ്വകാര്യ ഉപയോഗമാണോ വാണിജ്യ ഗതാഗതമാണോ എന്നിവയെ അടിസ്ഥാനമാക്കിയാണ് പുതിയ നിയമങ്ങള്‍ വ്യത്യസ്ത കാലാവധികള്‍ നിശ്ചയിക്കുന്നത്.

നവംബർ 19 വ്യാഴാഴ്ച പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് കേന്ദ്ര മോട്ടോർ വാഹന (പതിനാറാം ഭേദഗതി) ചട്ടങ്ങള്‍ 2026 പ്രകാരം ഈ മാറ്റങ്ങള്‍ വിജ്ഞാപനം ചെയ്തത്. പുതിയ ബി.എസ്-6 (BS-VI) മാനദണ്ഡം പാലിക്കുന്ന വാഹനങ്ങള്‍ക്ക് ദീർഘിപ്പിച്ച കാലാവധി ലഭിക്കും. അതേസമയം പഴയ ഭാരത് സ്റ്റേജ് മാനദണ്ഡം പാലിക്കുന്ന വാഹനങ്ങള്‍ കൂടുതല്‍ തവണ പരിശോധനയ്ക്ക് വിധേയമാകേണ്ടിവരും.

ബി.എസ്-6 വാഹനങ്ങളുടെ പി.യു.സി കാലാവധി അവയുടെ പഴക്കത്തെയും വിഭാഗത്തെയും ആശ്രയിച്ചിരിക്കും. ആറ് വർഷം വരെ പഴക്കമുള്ള സ്വകാര്യ (നോണ്‍-ട്രാൻസ്‌പോർട്ട്) ബി.എസ്-6 വാഹനങ്ങള്‍ക്ക് മൂന്ന് വർഷത്തേക്ക് സാധുതയുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. ആറ് വർഷം കഴിഞ്ഞാല്‍, പക്ഷേ 10 വർഷത്തില്‍ കൂടാത്ത പക്ഷം, എല്ലാ വർഷവും സർട്ടിഫിക്കറ്റ് പുതുക്കണം. 10 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഓരോ ആറ് മാസത്തിലും പുതിയ പി.യു.സി എടുക്കണം.

വാണിജ്യ, ട്രാൻസ്‌പോർട്ട് വാഹനങ്ങള്‍ക്ക് പുതുക്കല്‍ ഇടവേളയില്‍ നേരിയ വ്യത്യാസമുണ്ട്. ആറ് വർഷം വരെ പഴക്കമുള്ള ബി.എസ്-6 ട്രാൻസ്‌പോർട്ട് വാഹനങ്ങള്‍ക്ക് രണ്ട് വർഷത്തേക്ക് സാധുതയുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. ആറിന് മുകളിലും 10 വരെയും പഴക്കമുള്ളവയ്ക്ക് വർഷത്തിലൊരിക്കല്‍ പുതുക്കണം. 10 വർഷത്തിലധികം പഴക്കമുള്ളവ ഓരോ ആറ് മാസത്തിലും പി.യു.സി പുതുക്കണം.

പഴയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ക്കും പുതുക്കല്‍ നിബന്ധനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബി.എസ്-1, ബി.എസ്-2, ബി.എസ്-3 വാഹനങ്ങളുടെ ഉടമകള്‍ ഓരോ മൂന്ന് മാസത്തിലും പി.യു.സി പുതുക്കണം. ബി.എസ്-4 വാഹനങ്ങള്‍ക്ക് ആറ് മാസത്തെ കാലാവധിയാണുള്ളത്.

ഇന്ത്യയില്‍ മോട്ടോർ വാഹനങ്ങള്‍ക്ക് നിർബന്ധമായും വേണ്ട രേഖയാണ് സാധുവായ പി.യു.സി സർട്ടിഫിക്കറ്റ്. വാഹനത്തിലെ പുക നിശ്ചിത മലിനീകരണ പരിധിക്കുള്ളിലാണെന്ന് ഇത് ഉറപ്പാക്കുന്നു. ഉടമകള്‍ അംഗീകൃത എമിഷൻ ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ വാഹനം പരിശോധിപ്പിച്ച്, ബാധകമായ കാലാവധിക്കനുസരിച്ച് സർട്ടിഫിക്കറ്റ് പുതുക്കണം.

ഏറ്റവും പുതിയ ഭേദഗതി ബി.എസ്-6 വാഹനങ്ങള്‍ക്കായി പഴക്കാധിഷ്ഠിത പുതുക്കല്‍ രീതിയാണ് കൊണ്ടുവന്നിരിക്കുന്നത്. പുതിയ വാഹനങ്ങള്‍ക്ക് കൂടുതല്‍ കാലാവധി ലഭിക്കുമ്പോള്‍, പഴയ വാഹനങ്ങള്‍ കൂടുതല്‍ തവണ പരിശോധനയ്ക്ക് വിധേയമാകേണ്ടിവരും.