കണ്ണൂരിലെ അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് കൊച്ചിയിലെ സിബിഐ കോടതി വിധി പ്രഖ്യാപിക്കും. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദമുണ്ടാക്കിയ ഈ കേസിൽ സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും ഉൾപ്പെടെ 31 പ്രതികൾക്കുള്ള ഉത്തരവാണ് ഇന്ന് വരുന്നത്.
2012 ഫെബ്രുവരി 12ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽവെച്ചാണ് കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകനായ 23 വയസുകാരൻ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞുനിർത്തി ആക്രമിച്ചു എന്ന ആരോപണത്തിന് പ്രതികാരമായിരുന്നു ഈ ക്രൂരകൃത്യമെന്നാണ് കേസ്. ഷുക്കൂറിനെ മണിക്കൂറുകളോളം തടങ്കലിൽ വെച്ച്, ഫോട്ടോ എസ്എംഎസ് വഴി അയച്ചുനൽകി ഉറപ്പാക്കിയ ശേഷമാണ് ആക്രമിച്ചതെന്നും പറയുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഷുക്കൂർ മരിച്ചു. പരസ്യവിചാരണ നടത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
33 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടുപേർ മരിച്ചതോടെ ബാക്കിയുള്ള 31 പേരാണ് വിചാരണ നേരിട്ടത്. തളിപ്പറമ്പിലെ ഡിവൈഎഫ്ഐ പ്രവർത്തകരായ കെ വി സുമേഷും പി ഗണേഷനുമാണ് ഒന്നും രണ്ടും പ്രതികൾ. സി എൻ മോഹനൻ പതിനൊന്നാം പ്രതിയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകൻ ശ്യാംജിത്തും പ്രതിപ്പട്ടികയിലുണ്ട്.
പി ജയരാജൻ 32-ാം പ്രതിയും ടി വി രാജേഷ് 33-ാം പ്രതിയുമാണ്. ഇരുവർക്കുമെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജയരാജനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവിടെവെച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. എന്നാൽ ഈ ഗൂഢാലോചനയിൽ ഇവർക്കുള്ള പങ്ക് തെളിയിക്കാൻ കഴിയുന്ന പ്രധാന സാക്ഷികൾ കോടതിയിൽ ഹാജരായി മൊഴി നൽകിയിരുന്നില്ല.

