കിഫ്ബിയെക്കുറിച്ചുള്ള വിദഗ്ധ റിപ്പോർട്ട് മന്ത്രിസഭാ യോഗത്തില് ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരത്ത് അറിയിച്ചു. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില് വിശദമായ അന്വേഷണവും നടത്തുമെന്ന് വാർത്താസമ്മേളനത്തില് അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാനത്തിന്റെ ധനകാര്യ നിയന്ത്രണത്തില് കിഫ്ബിയുടെ ഇടപെടലുകള് ഗുരുതരമായ പ്രത്യാഘാതങ്ങള് ഉണ്ടാക്കിയെന്നാണ് സതീശന്റെ ആരോപണം. ധനവകുപ്പിനെ നോക്കുകുത്തിയാക്കിയും ഇരുട്ടില് നിർത്തിയുമാണ് കിഫ്ബി പ്രവർത്തിച്ചതെന്നും, സംസ്ഥാനത്തിന് വലിയ കടബാധ്യത വരുത്തിവെച്ച സ്ഥാപനമായി അത് മാറിയെന്നും അദ്ദേഹം വിമർശിച്ചു. കിഫ്ബി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വിദഗ്ധ റിപ്പോർട്ടില് ഗുരുതര കണ്ടെത്തലുകളുണ്ടെന്ന് സതീശൻ പറഞ്ഞു. കിഫ്ബി കാരണം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില് 25,932 കോടി രൂപയുടെ കുറവുണ്ടായി. കിഫ്ബിയുടെ വരുമാനത്തിന്റെ 99.4 ശതമാനവും വായ്പ തിരിച്ചടവിനായാണ് വിനിയോഗിച്ചതെന്നും റിപ്പോർട്ടിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കിഫ്ബി വഴി 13,103 കോടി രൂപയുടെ അധിക ചെലവുണ്ടായെന്നും 203.72 കോടി രൂപ പരസ്യത്തിനായി ചെലവഴിച്ചെന്നും അദ്ദേഹം ആരോപിച്ചു.നിയമനത്തിലും ക്രമക്കേടുണ്ടായെന്ന് സതീശൻ വ്യക്തമാക്കി. സർക്കാരിന്റെ അനുമതിയില്ലാതെ 498 ജീവനക്കാരെയാണ് കിഫ്ബി നിയമിച്ചത്. എന്നാല് 40 തസ്തികകള്ക്ക് മാത്രമാണ് സർക്കാർ അംഗീകാരം നല്കിയിരുന്നത്.
കിഫ്ബിയുടെ പ്രവർത്തനരീതിയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലുണ്ടായ പ്രത്യാഘാതങ്ങളും സംബന്ധിച്ച ആരോപണങ്ങള് ഇതോടെ വീണ്ടും ചർച്ചയാകുകയാണ്.

