ശ്രീകോവില്‍ കട്ടിളപ്പാളിയില്‍നിന്നു സ്വര്‍ണം നഷ്‌ടമായ കേസിലാണ് മൂന്നാം പ്രതിയായ വാസുവിനെ ഹൈക്കോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി) അറസ്‌റ്റ് ചെയ്‌തത്. ഈഞ്ചയ്‌ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യംചെയ്യലിനുശേഷമായിരുന്നു അറസ്‌റ്റ്. ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വർണം ചെമ്ബാക്കിയത് അന്നത്തെ ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു തന്നെയെന്ന് റിമാൻഡ് റിപ്പോർട്ട്. സ്വർണം കവരാൻ വാസു ഗൂഢാലോചന നടത്തി. കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി കൈമാറാൻ വാസു ഇടപെടല്‍ നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
റാന്നി കോടതി അവധിയായതിനാല്‍, പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ വാസുവിനെ റിമാന്‍ഡ് ചെയ്‌തു. കൊട്ടാരക്കര ജയിലിലേക്കാണ് വാസുവിനെ മാറ്റുന്നത്. അന്വേഷണസംഘം ഇന്നു കോടതിയില്‍ കസ്‌റ്റഡി അപേക്ഷ നല്‍കും. ഹൈക്കോടതിയില്‍ അന്തിമാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്.ഐ.ടിക്കു മുന്നില്‍ രണ്ടാഴ്‌ചമാത്രമാണ് ശേഷിക്കുന്നത്.
സി.പി.എമ്മിന്റെ വിശ്വസ്‌തന്‍ എന്ന നിലയിലാണു വാസുവിന്റെ വളര്‍ച്ച. കൊല്ലം പൂവറ്റൂര്‍ സ്വദേശിയാണ് അദ്ദേഹം. 27ാം വയസിലാണു പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉയര്‍ന്നത്. പിന്നീട് വിജിലന്‍സ് ട്രിബ്യൂണല്‍ ജഡ്‌ജിയായും 2006- 2011 കാലത്ത് മന്ത്രി പി.കെ. ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. . തുടര്‍ന്നാണ് ദേവസ്വം കമ്മിഷണറായി നിയമനം നല്‍കിയത്. ദേവസ്വം കമ്മിഷണര്‍ സ്‌ഥാനത്തേക്ക് ഐഎഎസ് ഉദ്യോഗസ്‌ഥരെ നിയമിക്കണമെന്ന ജസ്‌റ്റിസ് പരിപൂര്‍ണന്‍ കമ്മിറ്റി നിര്‍ദേശം പോലും അവഗണിച്ചായിരുന്നു വാസുവിന്റെ നിയമനം. അര്‍ധ ജുഡീഷ്യല്‍ പദവിയിലുള്ള ആളെന്ന നിലയിലാണ് 2010ല്‍ ആണ് ഇടതുസര്‍ക്കാര്‍ വാസുവിനെ ദേവസ്വം കമ്മിഷണര്‍ ആയി നിയമിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോഴായിരുന്നു വാസുവിനെ കമ്മിഷണര്‍ തസ്‌തികയിലേക്കു പരിഗണിച്ചത്. 2018- 19 ല്‍ ശബരിമലയില്‍ യുവതീപ്രവേശ വിവാദം നടക്കുമ്ബോള്‍ വാസു ആയിരുന്നു ദേവസ്വം കമ്മിഷണര്‍. അതോടനുബന്ധിച്ചുള്ള കേസുകളുടെ നടത്തിപ്പ് ചുമതല സര്‍ക്കാര്‍ ഏല്‍പ്പിച്ചിരുന്നത് അഭിഭാഷകന്‍ കൂടിയായ വാസുവിനെ ആയിരുന്നു. എ.പത്‌മകുമാര്‍ ദേവസ്വം പ്രസിഡന്റ് ആയിരുന്നെങ്കിലും വാസുവിന്റെ സ്വാധീനത്തിനു കുറവുണ്ടായില്ല. കമ്മിഷണര്‍ സ്‌ഥാനത്തുനിന്ന് പടിയിറങ്ങി ഏഴു മാസത്തിനുള്ളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വാസു തിരിച്ചെത്തിയത് പാര്‍ട്ടി നേതാക്കള്‍ക്കുപോലും അത്ഭുതമായിരുന്നു. വാസുവിന്റെ അറസ്‌റ്റോടെ അന്വേഷണം കൂടുതല്‍ ഉന്നതരിലേക്കു നീങ്ങുന്നതായാണ് സൂചന
മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിന്റെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2019ല്‍ എ പത്മകുമാര്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് കേസില്‍ പ്രതിപ്പട്ടികയിലുണ്ട്. പത്മകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അക്കാലയളവിലെ സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ മൊഴി അന്വഷണ സംഘം ശേഖരിച്ചു വരികയാണ്. ഇത് പൂര്‍ത്തിയായ ശേഷം പത്മകുമാര്‍ അടക്കമുള്ള ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെയുള്ള നടപടികളിലേക്ക് സംഘം കടക്കും. ഇതിന് മുമ്ബായി, ചില ഇടനിലക്കാരെയും പ്രതിപ്പട്ടികയിലുള്ള മറ്റ് ചില ഉദ്യോഗസ്ഥരുടേയും അറസ്റ്റിനും സാധ്യതയുണ്ട്

