തനിഷ്ക് ജ്വല്ലറിയിൽ നടന്ന 15 കോടി രൂപയുടെ വൻ കവർച്ചയിലെ മുഖ്യപ്രതി നിഷാന്തിനെ ആത്തിയമ്മൻകോട്ടയിൽ നിന്ന് ധർമപുരി പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്ന് സേലത്തേക്ക് പോയ ലക്ഷ്വറി ബസിൽ ഞായറാഴ്ച രാത്രി മുഖംമൂടി ധരിച്ച് ഒരാൾ കയറിയത് അസ്വാഭാവികമായി തോന്നിയ ഡ്രൈവറാണ് പോലീസിനെ വിവരം അറിയിച്ചത്. ഇയാൾ നിഷാന്താണെന്ന് തിരിച്ചറിഞ്ഞ ഡ്രൈവർ ലൊക്കേഷൻ പങ്കുവെക്കുകയായിരുന്നു.
ഈ മാസം 12ന് നടന്ന കവർച്ചയ്ക്ക് പിന്നാലെ ഒളിവിൽ പോയ നിഷാന്തിനായി ഒൻപത് പോലീസ് സംഘങ്ങൾ രൂപീകരിച്ച് കേരളത്തിലും കോയമ്പത്തൂരിലും തെരച്ചിൽ നടത്തിവരികയായിരുന്നു. സിം കാർഡുകൾ മാറ്റിക്കൊണ്ട് പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ച ഇയാളുടെ നീക്കങ്ങൾ സൈബർ സെൽ പിന്തുടർന്നിരുന്നു. പല സ്ഥലങ്ങളിലും 23 വയസ്സുള്ള മുഖ്യപ്രതിയുടെ ചിത്രമടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരുന്നു.
സേസംപട്ടി ബൈപാസിന് സമീപത്തെ ചെക്പോസ്റ്റിൽ നിലയുറപ്പിച്ചിരുന്ന പോലീസിനെ കണ്ടതോടെ നിഷാന്ത് ബസിന്റെ ജനലിലൂടെ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പോലീസ് ഇയാളെ പിടികൂടി. നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ മധുര പോലീസിന് കൈമാറി.
കവർച്ചയ്ക്ക് ശേഷം സ്വർണം അച്ഛൻ സുരേഷ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മീനാക്ഷി എന്നിവരുമായി പങ്കുവെച്ച ശേഷമാണ് നിഷാന്ത് ഒളിവിൽ പോയത്. ഇവരിൽ നിന്ന് ഇതുവരെ 5.5 കിലോഗ്രാം സ്വർണം പിടിച്ചെടുക്കാനായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

