ശബരിമല സ്വർണകൊള്ള കേസ്;അനന്ത സുബ്രഹ്മണ്യത്തില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ശബരിമല സ്വർണകൊള്ള കേസ്;അനന്ത സുബ്രഹ്മണ്യത്തില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ശബരിമല സ്വർണകൊള്ള കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തില്‍ നിന്ന് അന്വേഷണസംഘത്തിന് നിർണായക വിവരങ്ങള്‍ ലഭിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച അനന്ത സുബ്രഹ്മണ്യത്തിന്റെ ചോദ്യം ചെയ്യല്‍ രാത്രിയും തുടർന്നു. അനന്ത സുബ്രഹ്മണ്യം നല്‍കിയ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിച്ചവരികയാണ്. സ്വർണകൊള്ളയില്‍ ഇയാളുടെ പങ്ക് വ്യക്തമായാല്‍ അറസ്റ്റിലേക്ക് അന്വേഷണസംഘം കടന്നേക്കും.

കേസില്‍ പ്രതി ചേർക്കപ്പെട്ട ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ വൈകാതെ അന്വേഷണസംഘം ചോദ്യം ചെയ്യും. ഇതിനുശേഷമാകും എ.പത്മകുമാർ അടക്കമുള്ള മുൻ ദേവസ്വം ബോർഡ് അംഗങ്ങളിലേക്ക് അന്വേഷണം കടക്കുക. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമല, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ എത്തിച്ച്‌ വൈകാതെ തെളിവെടുപ്പ് നടത്തും. ശബരിമലയില്‍ നിന്ന് സ്വർണപ്പാളി ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്മണ്യമാണ്. കുറച്ച്‌ ദിവസം മുമ്ബ് അനന്ത സുബ്രഹ്മണ്യത്തിന്റെ വീട്ടില്‍ പ്രത്യക അന്വേഷണ സംഘം പരിശോധന നടത്തുകയും കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

2019ല്‍ സ്വർണപ്പാളികള്‍ ഏറ്റുവാങ്ങിയ അനന്ത സുബ്രഹ്മണ്യം അത് ബംഗളൂരുവിലേക്ക് കൊണ്ടുപോവുകയും തുടർന്ന് ഹൈദരാബാദിലേക്ക് എത്തിച്ച്‌ അവിടെ സൂക്ഷിക്കുകയും ചെയ്തതായാണ് വിജിലൻസ് കണ്ടെത്തല്‍. ഹൈദരാബാദില്‍ നാകേഷ് എന്ന സ്വർണ പണിക്കാരനെ ഏല്‍പ്പിച്ച സ്വർണപ്പാളികള്‍ തുടർന്ന് നാകേഷാണ് സ്മാർട്ട് ക്രീയേഷൻസിലേക്ക് കൊണ്ടുപോയത്. സ്വർണം എങ്ങനെ ചെമ്ബായി എന്നതിനെ കേന്ദ്രികരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം, ശബരിമല സ്വർണകൊള്ളയില്‍ ഹൈക്കോടതി സ്വമേധയ എടുത്ത ഹരജിയിലെ നടപടികള്‍ ഇനി അടച്ചിട്ട കോടതി മുറിയില്‍. ഹൈക്കോടതി ദേവസ്വം ബെഞ്ചില്‍ ഇന്ന് ആദ്യത്തെ ഐറ്റം ആയാണ് വിഷയം പരിഗണിക്കുന്നത്. കേസിലെ തുടർനടപടികള്‍ അടച്ചിട്ട കോടതി മുറിയില്‍ രഹസ്യ സ്വഭാവത്തിലാണ് നടത്തുകയെന്ന് ഹൈക്കോടതി രജിസ്ട്രാർ ഇന്നലെ ഉത്തരവിറക്കിയിരുന്നു. പട്ടികയില്‍ രണ്ടാമതായിരുന്ന കേസ് ആദ്യത്തെ ഐറ്റം ആയി പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയില്‍ നല്‍കും. ഒപ്പം വിലപിടിപ്പുള്ള വസ്തുക്കളുടെ മൂല്യം കണക്കാക്കാൻ ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെടി ശങ്കരനും കോടതിയില്‍ പ്രാഥമിക വിശദാംശങ്ങള്‍ കൈമാറും.

അറ്റകുറ്റപണികള്‍ പൂർത്തിയാക്കി തിരികെ എത്തിച്ച സ്വർണപാളികള്‍ ദ്വാരകപാലക ശില്പങ്ങളില്‍ ഘടിപ്പിച്ച കാര്യം ദേവസ്വം ബോർഡും ഇന്ന് കോടതിയില്‍ അറിയിക്കും. സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് രേഖപ്പെടുത്തി കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങിയ കാര്യവും, മറ്റ് തെളിവുകളും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍, സീല്‍ ചെയ്ത കവറിലാണ് എസ്‌ഐടി കോടതിയില്‍ കൈമാറുക. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ വി, കെ വി ജയകുമാർ എന്നിവടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.