ശബരിമല സ്വർണ കേസ്:മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു

ശബരിമല സ്വർണ കേസ്:മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു

ശബരിമല സ്വർണ കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ശബരിമലയില്‍ നിന്നും കൊണ്ടുപോയ സ്വർണം എന്തു ചെയ്തു, സ്വർണ പാളികള്‍ കൊണ്ടുപോയതില്‍ ആരുടെയൊക്കെ സഹായമാണ് ലഭിച്ചത്, സ്മാർട്ട് ക്രിയേഷൻസിന്റെ പങ്ക് തുടങ്ങിയ വിവരങ്ങളാണ് ഉണ്ണികൃഷ്ണൻ പോറ്റിയില്‍ നിന്നും അന്വേഷണസംഘം ചോദിച്ചറിയുന്നത്. പോറ്റിയെ ശബരിമലയിലും ചെന്നൈയിലും ബംഗളൂരുവിലും ഹൈദരാബാദിലും ഉള്‍പ്പെടെ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും.

കേസിലെ പ്രതികളായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.സ്വർണം ഉദ്യോഗസ്ഥർക്ക് വീതിച്ചുനല്‍കിയെന്നടക്കം വിവരങ്ങള്‍ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തോട് പറഞ്ഞു. ദേവസ്വം ഉന്നതർ അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യും. കട്ടിളപ്പാളിയിലെ സ്വർണം കവർന്നതിനുള്ള രണ്ടാമത്തെ കേസിലും നടപടി പിന്നാലെ വരും. എട്ടാം പ്രതിസ്ഥാനത്ത് ബോർഡ് ഭരണസമിതിയാണ്. ഈ കേസില്‍ പോറ്റിയെ അറസ്റ്റ് ചെയ്തിട്ടില്ല.

ഇന്നലെ പുലർച്ചെ 2.45ന് അറസ്റ്രുചെയ്ത പോറ്റിയെ രാവിലെ പത്തരയോടെ റാന്നി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പതിനാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ട പോറ്റിയെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. ” എന്നെ കുടുക്കിയവർ നിയമത്തിന് മുന്നില്‍ വരും” എന്നാണ് മാദ്ധ്യമങ്ങളോട് പോറ്റി പ്രതികരിച്ചത്. ദേവസ്വത്തിലെ ഉന്നതരുടെ അറിവോടെയും സമ്മതത്തോടെയും കൂടിയാണ് സ്വർണം കവർന്നെന്നാണ് മൊഴി. ഇതിനുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ട്. സ്വർണപ്പാളികള്‍ പോറ്റിക്ക് കൈമാറാൻ വ്യാജരേഖ ചമച്ചതടക്കം ഗുരുതര കുറ്റങ്ങളുടെ തെളിവുകളാണിത്.

ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസില്‍ നിന്ന് സ്വർണം പൂശലിനു ശേഷം ബാക്കിവന്ന 474.9 ഗ്രാം സ്വർണം കൈപ്പറ്റിയ പോറ്റിയുടെ കൂട്ടാളി കല്‍പ്പേഷിന് ഹാജരാവാൻ നോട്ടീസ് നല്‍കിയതായാണ് സൂചന. സ്വർണപ്പാളികള്‍ ബംഗളുരുവിലേക്കും പിന്നീട് ചെന്നൈയിലേക്കും കൊണ്ടുപോയതിലും കല്‍പ്പേഷിന് പങ്കുണ്ട്. ചെമ്ബാണെന്ന് രേഖ ചമച്ച അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും ഉടൻ അറസ്റ്റ് ചെയ്തേക്കും. 9 ഉദ്യോഗസ്ഥരെയാണ് പ്രതികളാക്കിയിരിക്കുന്നത്.

പോറ്റിയെ ചെന്നൈ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തിച്ച്‌ തെളിവെടുക്കും. ദ്വാരപാലക ശില്‍പ്പങ്ങളിലെ ചെമ്ബ് തകിടുകള്‍ പോറ്റിക്ക് കൈമാറാൻ നാലാം പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ഉത്തരവ് നല്‍കിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഇത് ദേവസ്വം പ്രസിഡന്റിനെയും അംഗങ്ങളെയും രക്ഷിക്കാനുള്ള കള്ളക്കളിയാണെന്ന് ആരോപണമുണ്ട്.