രണ്ട് കൈയും കൂട്ടിയിടിച്ചാലേ ശബ്ദമുണ്ടാകൂ:വി ഡി സതീശൻ

രണ്ട് കൈയും കൂട്ടിയിടിച്ചാലേ ശബ്ദമുണ്ടാകൂ:വി ഡി സതീശൻ

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിന്റെ പരസ്യവിമർശനത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. വിമർശനത്തിന് മറുപടി പറയാനില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്നെ ആർക്കും വിമർശിക്കാമെന്നും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്താൻ തയ്യാറാണെന്നും പറഞ്ഞു. “രണ്ട് കൈയും കൂട്ടിയിടിച്ചാലേ ശബ്ദമുണ്ടാകൂ” എന്നായിരുന്നു വാർത്താസമ്മേളനത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി എന്ന നിലയില്‍ പാർട്ടിക്ക് വിധേയനായാണ് പ്രവർത്തിക്കുന്നതെന്നും താൻ വിമർശനത്തിന് അതീതനല്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

വിമർശനത്തില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍ അത് ബോധ്യപ്പെടുത്താൻ ശ്രമിക്കും. എന്നാല്‍, തെറ്റുണ്ടെങ്കില്‍ അത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. നയപരമായ എല്ലാ കാര്യങ്ങളും പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കെപിസിസി പ്രസിഡന്റും രണ്ട് മുൻ പ്രസിഡന്റുമാരും വർക്കിങ് കമ്മിറ്റി അംഗവും രണ്ട് വർക്കിങ് പ്രസിഡന്റുമാരും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും മന്ത്രിസഭയിലുണ്ട്. യുഡിഎഫ് നേതാക്കളില്‍ പി.ജെ. ജോസഫ് ഒഴികെയുള്ള പ്രധാന നേതാക്കളെല്ലാം കൂടിയാലോചനകളില്‍ പങ്കാളികളാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും വിഷയത്തില്‍ കൂടിയാലോചന നടക്കുന്നില്ലെന്ന ആക്ഷേപമുണ്ടായാല്‍ അത് പരിഹരിക്കുമെന്നും വ്യക്തമാക്കി.

പാർട്ടിയില്‍ വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ ആർക്കും തന്നെ വിമർശിക്കാമെന്നും തന്റെ പ്രവർത്തനങ്ങള്‍ നിരീക്ഷിച്ച്‌ തെറ്റുകള്‍ ചൂണ്ടിക്കാട്ടണമെന്നും വി.ഡി. സതീശൻ പറഞ്ഞു. വിമർശനം കേള്‍ക്കുമ്പോള്‍ പൊട്ടിത്തെറിക്കുന്നയാളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടൂർ പ്രകാശിന്റെ വിമർശനത്തിന് നേരിട്ട് മറുപടി നല്‍കാതിരുന്ന മുഖ്യമന്ത്രിയുടെ പ്രതികരണം, പാർട്ടിക്കുള്ളിലെ വിമർശനങ്ങളെയും കൂടിയാലോചനകളെയും കുറിച്ചുള്ള നിലപാടാണ് വ്യക്തമാക്കുന്നത്.