നൂറുകണക്കിനാളുകൾ ദില്ലിയിലെത്തിയെങ്കിലും ജൂലൈ ഇരുപതിലേതിന് സമാനമായ അക്രമവും ബലപ്രയോഗവും ഒഴിവാക്കാനായതിൻറെ ആശ്വാസത്തിലാണ് കേന്ദ്ര സർക്കാർ. ദില്ലിയിൽ കലാപമുണ്ടാക്കാനുള്ള നാടകം പൊളിഞ്ഞെന്ന് ബിജെപി ആരോപിച്ചു. ഗ്യാനേഷ് കുമാറിൻറെ രാജിക്കായുള്ള സമ്മർദ്ദം തിങ്കളാഴ്ച മുതൽ ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. ജൂലൈ ഇരുപതിന് ദില്ലിയിൽ നടന്ന പാർലമെൻറ് മാർച്ചിലെ സംഘർഷവും പെല്ലറ്റ് അടക്കം പ്രയോഗിച്ച് സുരക്ഷ സേന ഇത് നേരിട്ട രീതിയും കേന്ദ്ര സർക്കാരിന് തിരിച്ചടിയായിരുന്നു. ധർമ്മേന്ദ്ര പ്രധാൻറെ രാജിയിലേക്ക് ആ കാഴ്ചകൾ നയിച്ചു. പഴയ വീഴ്ചകൾ വിലയിരുത്തിയാണ് ഇന്ന് സിജെപി പ്രഖ്യാപിച്ച സമരം നേരിടാൻ ദില്ലി പൊലീസ് പദ്ധതി തയ്യാറാക്കിയത്.
അമിത് ഷാ നീക്കങ്ങൾ നേരിട്ട് നിരീക്ഷിച്ചു. ജന്തർമന്തറിലേക്ക് ആരും കയറാതെ നിയന്ത്രിക്കാൻ പൊലീസിനായി. ജൂലൈ ഇരുപതിൽ എത്തിയതിൻറെ പത്തിലൊന്ന് പ്രതിഷേധക്കാർ പോലും ഇത്തവണയില്ലെന്നതും സർക്കാരിന് ആശ്വാസമാണ്. എന്നാൽ വിമാനത്തിനുള്ളിൾ കയറി പൊലീസിന് നേതാക്കളെ കസ്റ്റഡിയിൽ എടുക്കേണ്ടി വന്നത് സർക്കാരിൻറെ ആശങ്കയുടെ തെളിവായി. എത്ര ദിവസം ഈ നിയന്ത്രണങ്ങൾ തുടരാനാവും എന്ന ചോദ്യവും ഉയരുന്നു.
സിജെപി പ്രതിഷേധത്തിൾ നിന്ന് മാറി നില്ക്കാനായിരുന്നു ഇന്ത്യ സഖ്യത്തിലെ പൊതു ധാരണയെങ്കിലും ഇടതു നേതാക്കളും മ്മത ബാനർജിയും സജീവമായി പങ്കെടുത്തു. സിജെപിയുമായി ചേരാതെ ഇന്ത്യസഖ്യം കഴിഞ്ഞയാഴ്ച തുടങ്ങിയ നീക്കങ്ങൾ തിങ്കളാഴ്ച സജീവമാക്കാനാണ് കോൺഗ്രസ് തീരുമാനം. പ്രതിഷേധത്തിന് രാഹുൽ ഗാന്ധി നല്കുന്ന നേതൃത്വവും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. രാഹുലും സിജെപിയും അരാജകത്വം പടർത്തുന്നു എന്ന പ്രചാരണം ബിജെപി ശക്തമാക്കുകയാണ്.
ഇന്നത്തെ സമരാഹ്വാനം രാഷ്ട്രീയ സംഘടനകൾ അല്ലാതെ സാധാരണ ജനം ഏറ്റെടുത്തില്ലെന്നാണ് ബിജെപി വിലയിരുത്തൽ. ഗ്യാനേഷ് കുമാറിൻറെ രാജിയിലേക്ക് ഈ സമരം എത്തുമോ എന്നതിൽ സിജെപിക്കും ഇന്ത്യാസഖ്യത്തിനും ഇനി എന്തു ചെയ്യാനാകും എന്നതും കോടതി നടപടികളും നിർണ്ണായകമാകും.
അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനുള്ള മോദിയുടെയും അമിത് ഷായുടെയും വെപ്രാളം അവരുടെ പതനത്തിന് വഴിതെളിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. പറഞ്ഞു. പതനത്തിലേക്ക് നീങ്ങുന്ന നായകന്റെ അവസ്ഥയിലാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പ്രതിഷേധം കണ്ട് മോദി ഭയന്നിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് സമരക്കാരെ നേരിടാൻ മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ഇന്ത്യാ സഖ്യം. കഴിഞ്ഞ ദിവസം രാഷ്ട്രപതിയെ സന്ദർശിച്ച് വിഷയത്തിലുള്ള ആശങ്ക അറിയിച്ചിരുന്നു. തിങ്കളാഴ്ച ഡല്‍ഹിയെ പ്രകമ്പനം കൊള്ളിക്കുന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നതിനൊപ്പം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണാനും തീരുമാനിച്ചിട്ടുണ്ട്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയും സംവിധാനവും കുറ്റമറ്റതാകുന്നതുവരെ കോണ്‍ഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

