ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്നു പ്രഖ്യാപിച്ചിരിക്കുന്ന ജന്തർ മന്തറിലെ പ്രതിഷേധ പരിപാടി തടയാൻ ഡല്‍ഹിയില്‍ യുദ്ധസമാനമായ സുരക്ഷാസന്നാഹങ്ങള്‍. പൊലിസിന്റെ അനുമതിയില്ലെങ്കിലും പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് സംഘാടകർ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കു സമാനമായ നിയന്ത്രണങ്ങളാണ് കേന്ദ്രസർക്കാരും പൊലിസും ഏർപ്പെടുത്തിയിരിക്കുന്നത്.
സിജെപിക്കു പുറമെ വിദ്യാർഥിസംഘടനകളായ എസ്‌എഫ്‌ഐ, ഐസ, എഐഎസ്‌എഫ്, ആം ആദ്മി പാർട്ടിയുടെ വിദ്യാർഥിവിഭാഗമായ എഎഎസ്എപി എന്നിവർ പ്രക്ഷോഭത്തില്‍ പങ്കാളികളാകും. പ്രതിഷേധത്തിനു പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളും സിപിഎമ്മും സംയുക്ത കിസാൻ മോർച്ച (എസ്കെഎം) ഉള്‍പ്പടെയുള്ള കർഷക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നതിനാല്‍ ഡല്‍ഹിയില്‍ ഇന്നു നടക്കാനിരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം മാറ്റിവച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മമത ബാനർജി, മഹുവ മൊയ്ത്ര, സാമൂഹിക പ്രവർത്തകരായ യോഗേന്ദ്ര യാദവ്, അഞ്ജലി ഭരദ്വാജ്, പ്രശാന്ത് ഭൂഷണ്‍, കപില്‍ സിബല്‍ എംപി തുടങ്ങിയവരും സമരത്തിന്റെ ഭാഗമായേക്കും. പ്രതിഷേധക്കാർ തലസ്ഥാനത്തേക്ക് എത്താതിരിക്കാൻ ഡല്‍ഹിയിലെ 45 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീൻ റെയില്‍വേ സ്റ്റേഷനുകളിലേക്കു രാവിലെ എത്തേണ്ട പ്രധാന എക്സ്പ്രസ്, മെയില്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ക്യാബ് സർവീസുകള്‍ക്കും ഹോട്ടലുകളിലെ പുതിയ ബുക്കിംഗുകള്‍ക്കും നിയന്ത്രണമേർപ്പെടുത്തി. ചില്ല, ഗാസിപ്പുർ, അപ്സര, സിംഫു തുടങ്ങിയ അതിർത്തി പോയിന്റുകളില്‍ കർഷകസംഘടനകളുടെ പിന്തുണ കണക്കിലെടുത്ത് ദ്വിതല ബാരിക്കേഡിംഗ് സ്ഥാപിച്ചു. ജന്തർ മന്തറിന്റെ നാലു കിലോമീറ്റർ ചുറ്റളവില്‍ ഇന്റർനെറ്റിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. കരുതല്‍ തടങ്കലും ഡല്‍ഹി പൊലിസ് കമ്മിഷണർ നൂപുർ പ്രസാദിന്റെ നിർദേശപ്രകാരം 23,000 മുതല്‍ 25,000 വരെയുള്ള കേന്ദ്രസേനയെയാണ് ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുന്നത്. ഇതില്‍ 7,000 സിആർപിഎഫ് ഭടന്മാരും ഉള്‍പ്പെടുന്നു.
പ്രതിഷേധക്കാരെ പാർപ്പിക്കാൻ 15 താത്കാലിക തടങ്കല്‍ കേന്ദ്രങ്ങളും സജ്ജമാക്കി. പത്തു ദിവസത്തെ മുൻകൂർ അനുമതി തേടിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പൊലിസ് അനുമതി നിഷേധിച്ചതെങ്കിലും രാജ്യത്തുടനീളം വൻ അറസ്റ്റും കസ്റ്റഡിയും നടക്കുകയാണ്. സിജെപി നാഷണല്‍ ഓർഗനൈസേഷൻ ഇൻ ചാർജ് ദീപക് ബലിയാനെ വീട്ടുതടങ്കലിലാക്കി. പൂനയില്‍നിന്നു വരികയായിരുന്ന എഐഎസ്‌എഫിന്റെ 22 വനിതാ പ്രവർത്തകരെ മധ്യപ്രദേശ് പൊലിസ് ഭോപ്പാലില്‍ വച്ച് ട്രെയിനില്‍നിന്നു കസ്റ്റഡിയിലെടുത്തു. എസ്‌എഫ്ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നിവരടക്കം രാജ്യത്തുടനീളം ആയിരത്തിലധികം പേർ കസ്റ്റഡിയിലായതായി സമരക്കാർ അറിയിച്ചു.

