ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ദില്ലി പൊലീസ് അടച്ചു പൂട്ടിയ ജന്തര് മന്തറില് മിന്നല് സമരം നടത്തിയ സി ജെ പി നേതാക്കൾക്കെതിരെ കേസെടുത്തു. ജന്തർ മന്തറിലേക്ക് അതിക്രമിച്ച് കയറിയെന്നതിന്റെ പേരിലാണ് കേസെടുത്തത്. സൗരവ് ദാസും അശുതോഷ് റാങ്കയുമാണ് പ്രതികൾ. രാവിലെ കസ്റ്റഡിയിലെടുത്ത ഇരുവരെയും ഇനിയും വിട്ടയച്ചിട്ടില്ല. രാവിലെ ജന്തർ മന്തറിൽ നിന്നും പിടികൂടിയ മറ്റുളളവരെ വിട്ടയിച്ചിരുന്നു.
സി ജെ പി നേതാക്കളെ വിട്ടയാക്കാത്തതിലും ജന്തർ മന്തർ അടച്ചു പൂട്ടിയതിലും പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി കൺവീനർ അഭിജീത് ദീപ്കെ വ്യക്തമാക്കി. ഇരുവരെയും അഭിഭാഷകരെ കാണാൻ അനുവദിച്ചില്ലെന്നും ദില്ലി പോലീസ് അമിത് ഷായുടെ തട്ടികൊണ്ടുപോകൽ സംഘമായെന്നും ദീപ്കെ വിമർശിച്ചു. സമരം ചെയ്യുന്നവരെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുകയാണെന്നും അത്തരക്കാരെ തിരിച്ചറിയണമെന്നും ദീപ്കെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സി ജെ പി സമരം ദില്ലി പൊലീസ് അടിച്ചമർത്തി. എന്നാൽ ഇന്നലെ ഇന്ത്യ സഖ്യ റാലി സമാധാനപരമായി അവസാനിച്ചു. ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെ ഭിന്നിക്കുകയാണ് ലക്ഷ്യം. ഗ്യാനേഷ് കുമാറിനെതിരെയാണ് പ്രതിഷേധമെന്നും ലക്ഷ്യം മാറരുതെന്നും ദീപ്കെ ആവശ്യപ്പെട്ടു

