സിഎംആര്‍എല്‍ കേസിലെ വിജിലന്‍സ് അന്വേഷണം; സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവിന് സ്റ്റേയില്ല

സിഎംആര്എല്-എക്സാലോജിക് ഇടപാടില് വിജിലന്സിന് കേസ് എടുക്കാമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. സിംഗിള് ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേയില്ല. ഗുരുതര കുറ്റമെങ്കില് എഫ്‌ഐആര് രജിസ്റ്റര് ചെയ്യാമെന്നും സിംഗിള് ബെഞ്ച് ഉത്തരവിനെ എതിര്ക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

പിണറായി വിജയന് ഉള്പ്പെടെയുള്ളവര് നല്കിയ അപ്പീല് അനുമതി അപേക്ഷ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി പറയാന് മാറ്റി. അതേസമയം, ഇഡി നല്കിയ കത്തില് പിണറായി വിജയനെതിരെ കേസെടുക്കാന് മതിയായ തെളിവുകള് ഇല്ലെന്ന് സര്ക്കാര് ഡിവിഷന് ബെഞ്ചിലും ആവര്ത്തിച്ചു.

ഹര്ജിക്കാരനായ കെ.എം. ഷാജഹാനെതിരെ സര്ക്കാര് രംഗത്തെത്തി. കോടതിയലക്ഷ്യ നടപടി നേരിടുന്നയാളാണ് ഷാജഹാനെന്നും വിശ്വാസ്യതയുള്ള ഹര്ജിക്കാരന് അല്ലെന്നും കോടതിയില് അറിയിച്ചു. പിണറായി വിജയനെതിരെ എഫ്‌ഐആര് ഇട്ടതില് എന്താണ് പ്രശ്നമെന്ന് ഹൈക്കോടതി ആവര്ത്തിച്ചു. സിംഗിള് ബെഞ്ചിന്റെ വിധി ഇല്ലെങ്കിലും എഫ്ഐആര് ഇടാമല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

ലഭിച്ച തെളിവുകള് കേസെടുക്കാന് തൃപ്തികരം അല്ലായിരുന്നുവെന്നാണ് സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചത്. എന്നാല് പിണറായി അടക്കമുള്ള പ്രതികളുടെ ഹര്ജിയെ ഇഡി കോടതിയില് എതിര്ത്തു. സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ പ്രതികള്ക്ക് എങ്ങനെ അപ്പീല് നല്കാന് കഴിയുമെന്നായിരുന്നു ഇഡിയുടെ ചോദ്യം.