മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കൂടുതല്‍ ശക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബില്ല് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രി വി ഡി സതീശനാണ് ബില്‍ അവതരിപ്പിക്കുക. വയോജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കടുത്ത ശിക്ഷാനടപടികളാണ് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.
മുതിര്‍ന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക, പരിചരിക്കാതെ ഉപേക്ഷിക്കുക, വീടുകളില്‍ നിന്ന് ഇറക്കിവിടുക എന്നിവ 3 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി മാറും. ഇതിനൊപ്പം സാമ്പത്തിക പിഴയും ഈടാക്കും. മാതാപിതാക്കളുടെയോ മുതിര്‍ന്ന പൗരന്മാരുടെയും സ്വത്ത് വ്യാജ രേഖകള്‍ വഴിയോ ഭീഷണിപ്പെടുത്തിയോ കൈക്കലാക്കാന്‍ ശ്രമിച്ചാല്‍ സമാനമായ ശിക്ഷ ലഭിക്കും. സ്വത്ത് കൈമാറിയ ശേഷം പരിചരണം നിഷേധിച്ചാല്‍ ആ സ്വത്ത് കൈമാറ്റം റദ്ദാക്കാന്‍ വയോജനങ്ങള്‍ക്ക് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്. മുതിര്‍ന്ന പൗരന്മാരുടെ പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രത്യേക ചുമതലയുള്ള സബ് ഇന്‍സ്‌പെക്ടര്‍ തലത്തിലുള്ള നോഡല്‍ ഓഫീസറെ നിയമിക്കും.
പരാതികള്‍ വൈകാതെ തീര്‍പ്പാക്കാന്‍ വയോജന സംരക്ഷണ ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. കേസ് രജിസ്റ്റര്‍ ചെയ്ത് നിശ്ചിത ദിവസങ്ങള്‍ക്കകം തീരുമാനം ഉണ്ടാക്കണമെന്ന് ബില്ലില്‍ നിര്‍ദ്ദേശമുണ്ട്.

