തിരുവനന്തപുരം നിർണായക കൗൺസിൽ യോഗം മറ്റന്നാൾ നടക്കാനിരിക്കെ തിരുവനന്തപുരം നഗരസഭയിൽ മുന്നണി നീക്കങ്ങളിൽ ആകാംക്ഷ. യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ പിന്തുണയ്ക്കണമോ എന്നതിൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം കാത്തിരിക്കുകയാണ് എൽഡിഎഫ്. തുർനീക്കങ്ങൾ തീരുമാനിക്കാൻ ഇന്ന് യുഡിഎഫ് കൗൺസിലർമാർ യോഗം ചേരും.
നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന് യുഡിഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചതായി കെ എസ് ശബരീനാഥൻ അറിയിച്ചു. അതേസമയം, അവിശ്വാസത്തെയും സമരത്തെയും നേരിടാൻ ബിജെപിയും കരുക്കൾ നീക്കിതുടങ്ങി.
അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് സാങ്കേതിക, നിയമ പ്രശ്നങ്ങൾ ഏറെയാണ്. മൊത്തം അംഗങ്ങളിൽ 1/3 പ്രമേയത്തിലും 101 അംഗ കോർപ്പറേഷനിൽ 34 പേരും ഒപ്പിടണം. കോൺഗ്രസിനും സിപിഎമ്മിനും ഒറ്റക്ക് പ്രമേയം കൊണ്ട് വരാനാകില്ല. എന്നാൽ ഇരു പാർട്ടികളും തമ്മിൽ ഒരുമിച്ച് ചേർന്ന് പ്രമേയം കൊണ്ടുവരുന്നതിൽ ധാരണയുമായില്ല.
പ്രമേയം അവതരിപ്പിക്കണമെങ്കിൽ കൗൺസിലിന്റെ പകുതിയിൽ അധികം അംഗങ്ങൾ ഹാജരാകണം. അതായത് 51 പേര് എങ്കിലും ഹാജരാകണം . കോൺഗ്രസിനും സിപിഎമ്മിനും കൂടിയുള്ളത് 49 അംഗങ്ങൾകൂടെ ഒരു സ്വന്തത്രനും (സുധീഷ് ) മാത്രമാണ്. ഭരണപക്ഷത്ത് സുഗതൻ ഇല്ലാതെ 50 പേർ (സ്വന്തന്ത്രൻ രാധാകൃഷ്ണൻ ഉൾപ്പെടെ)കൗൺസിലിൽ നിന്ന് വിട്ടുനിൽക്കാൻ ബിജെപി തീരുമാനിച്ചാൽ ക്വാറം തികയില്ല. പ്രമേയം പാസാകണമെങ്കിലും 50 ശതമാനത്തിന് മുകളിൽ വോട്ട് വേണം. അതേസമയം, പ്രശ്നം ചർച്ച ചെയ്യാൻ കോൺഗ്രസ് ജില്ലാ നേതൃത്വം ഇന്ന് യോഗം ചേരുമെന്നാണ് റിപ്പോർട്ട്.

