റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം കേരളത്തിന് തിരിച്ചടി; പ്രതിവര്‍ഷം ഒരു ലക്ഷം ടണ്‍ വരെ അരി നഷ്ടമാകും

കോഴിക്കോട്: റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കേരളത്തിന് കനത്ത തിരിച്ചടിയാകുന്നു. മഞ്ഞ കാർഡുടമകളുടെ പ്രതിമാസ ധാന്യവിഹിതം വെട്ടിച്ചുരുക്കാനാണ് ഭക്ഷ്യഭദ്രത നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത് നടപ്പിലായാല്‍ സംസ്ഥാനത്തിന് പ്രതിവർഷം ഒരു ലക്ഷം ടണ്‍ വരെ അരി നഷ്ടമാകും. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരുടെ വയറ്റത്തടിക്കുന്നതാണ് കേന്ദ്രത്തിൻ്റെ പുതിയ പരിഷ്കാരം.

നിലവില്‍ ഒരു മഞ്ഞ കാർഡിന് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്. എന്നാല്‍ പുതിയ നീക്കമനുസരിച്ച്‌ വ്യക്തിക്ക് ഏഴ് കിലോ അരി എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറും. ഈ പരിഷ്കാരം നടപ്പിലായാല്‍ കേരളത്തിന് വർഷം തോറും ഒരു ലക്ഷം ടണ്‍ അരിയാണ് നഷ്ടമാവുക. കേന്ദ്ര നീക്കം ഉപഭോക്താക്കളെ മാത്രമല്ല, റേഷൻ വ്യാപാരികളെയും കടുത്ത പ്രതിസന്ധിയിലാക്കും.

വിതരണം ചെയ്യുന്ന ധാന്യത്തിന്റെ അളവ് കുറയുന്നതോടെ വ്യാപാരികളുടെ കമ്മീഷനിലും ഇടിവുണ്ടാകും. റേഷൻ വിതരണത്തിലെ കൃത്യമായ കണക്കുകള്‍ ശേഖരിക്കാൻ സർക്കാർ എൻ.ഐ.സി യോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.