വയോജന ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി നിർവഹിക്കും

അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെയും സർക്കാരിന്റെ 100 ദിന കർമപരിപാടികളുടെയും ഭാഗമായുള്ള വിവിധ വയോജന ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബർ ഒന്ന് രാവിലെ 10ന് പാളയം മഹാത്മ അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി. പി ജോൺ അധ്യക്ഷനാകും. ആരോഗ്യവും ദേവസ്വവും വകുപ്പ് മന്ത്രി കെ. മുരളീധരൻ, സാമൂഹികനീതി-ഫിഷറീസ്-ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി വി. ഇ അബ്ദുൾ ഗഫൂർ എന്നിവർ വിശിഷ്ടാതിഥികളാകും. ശശി തരൂർ എംപി, തിരുവനന്തപുരം മേയർ വി വി രാജേഷ്, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്‌ക്കാരിക പ്രവർത്തകർ, വിദ്യാർഥികൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

‘ദീർഘായുസ്സിന്റെ കാലഘട്ടം: ദീർഘമായ ജീവിതത്തിനായി സംവിധാനങ്ങളുടെ പുനർവിചിന്തനം’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വയോജന ദിനത്തിന്റെ പ്രമേയം. സംസ്ഥാനത്ത് വയോജന പ്രവർത്തനം ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിന് വയോജനങ്ങളുടെ അടിസ്ഥാന സ്ഥിതി വിവരശേഖരണം, വയോജന ക്ഷേമ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സംസ്ഥാന ഗവേണിംഗ് കൗൺസിൽ രൂപികരണം, 24 മണിക്കൂർ പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ ഹെൽപ്പ് ലൈൻ, വയോജന സേവനങ്ങളുടെ സർവീസ് കണക്ട് ഡയറക്ടറി തുടങ്ങിയ വിവിധ പോർട്ടലുകളുടെയും പദ്ധതികളുടെയും പ്രഖ്യാപനവും ചടങ്ങിൽ നടക്കും. വയോജന സൗഹൃദ കേരളം-വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും ചർച്ചയും സംഘടിപ്പിക്കും. മുതിർന്ന പൗരർ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.