മൂന്നാർ പള്ളിവാസലില്‍ കുരിശിന് മുകളില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തില്‍ നാല് പേർ അറസ്റ്റില്‍. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അജ്മിൻ, മുഹമ്മദ് നിസാൻ, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് മുഖ്താർ എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 19-ന് നീലക്കുറിഞ്ഞി കാണാനെത്തിയപ്പോഴാണ് ഇവർ സെന്റ് ആൻ ചർച്ചിന്റെ മലയിലെ കുരിശില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയത്.
മലയ്ക്ക് മുകളില്‍ സ്ഥാപിച്ച കുരിശിന്മേലില്‍ കയറിനിന്നുള്ള യുവാക്കളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവം വലിയ വിവാദമായതോടെ മൂന്നാർ എഎസ്പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടി. മതവികാരം വ്രണപ്പെടുത്തിയതടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ആരാധനാ ചിഹ്നങ്ങളെ പ്രകോപനപരമായ രീതിയില്‍ അപമാനിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

