തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് നാളെ പുലർച്ചെ 2:30 മുതൽ 28ന് പുലർച്ചെ 2:30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത
- തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ
- കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
- ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
- എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
- തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
- മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
- കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ
- കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ
- കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
തമിഴ്‌നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ് തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു

