പി.എസ്.സിയിലേക്ക് പോലും അഴിമതി എത്തിയെന്ന് കരുതേണ്ടിവന്നെന്നും പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സർക്കാർ ജോലിക്കായി കഠിനാധ്വാനം ചെയ്ത് മത്സര പരീക്ഷയെ നേരിടുന്ന അഭ്യസ്തവിദ്യരായ യുവതലമുറയോടുള്ള ദ്രോഹമാണെന്നും ഹൈകോടതി. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പി.എസ്.സി നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം.
ഇത്തരം കാര്യങ്ങളില്‍ ഓരോരുത്തർ തങ്ങള്‍ താല്‍പര്യത്തിനനുസരിച്ചാണ് മുൻകൂർ അനുമതി സംബന്ധിച്ച വ്യവസ്ഥയെ ഉപയോഗപ്പെടുത്തുന്നത്. പി.എസ്.സിയിലേക്ക് പോലും അഴിമതി എത്തിയെന്ന് കരുതേണ്ടിവന്നിരിക്കുന്നു. ഉദ്യോഗാർഥികളുടെ ഏക പ്രതീക്ഷയായ പി.എസ്.സിയെ സംരക്ഷിക്കണം. പ്രതിയെന്ന നിലയിലല്ല പി.എസ്.സി അംഗങ്ങളെയടക്കം ചോദ്യം ചെയ്യാൻ വിളിക്കുന്നതെന്നും ഉത്തരവാദികള്‍ ആരെന്ന് കണ്ടെത്താൻ ബന്ധപ്പെട്ട വസ്തുതകള്‍ അറിയാവുന്നവർ എന്ന നിലയിലല്ലേയെന്നും കോടതി ചോദിച്ചു.
അന്വേഷണ സംഘത്തിന് മുന്നില്‍ രേഖകള്‍ ഹാജരാക്കാനും വാദങ്ങളുന്നയിക്കാനും സാധിക്കും. അന്വേഷണവുമായി സഹകരിക്കുന്നതില്‍ ധാർമികവും നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്വം ഹരജിക്കാർക്കുണ്ട്. എഫ്.ഐ.ആർ റദ്ദാക്കാൻ റിട്ട് പെറ്റീഷൻ നല്‍കാൻ പി.എസ്.സിക്ക് കഴിയുമോയെന്ന കാര്യത്തിലും കോടതി സംശയം പ്രകടിപ്പിച്ചു.
ക്രിമിനല്‍ എം.സി ഹരജിയല്ലേ ഇക്കാര്യത്തില്‍ നല്‍കേണ്ടതെന്നും ആരാഞ്ഞു. തുടർന്ന് മുൻകൂർ അനുമതിയുടെ കാര്യത്തിലും ഹരജി നിലനില്‍ക്കുമോയെന്നതിലും വിശദീകരണം സമർപ്പിക്കാൻ സർക്കാറിന് സമയം അനുവദിച്ച കോടതി, ഹരജി വീണ്ടും ഈ മാസം 13ന് പരിഗണിക്കാൻ മാറ്റി.

