നൂറനാട് പഞ്ചായത്ത് പടിക്കൽ യു.ഡി.എഫ് അംഗങ്ങളുടെ കുത്തിയിരിപ്പ് സമരം

നൂറനാട് പഞ്ചായത്ത് പടിക്കൽ യു.ഡി.എഫ് അംഗങ്ങളുടെ കുത്തിയിരിപ്പ് സമരം

പുലിമേൽ ചുനക്കര ബണ്ട് റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എം.പി അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിക്കാൻ അനുവദിക്കില്ലെന്ന നൂറനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് പടിക്കൽ കുത്തിയിരിപ്പ് സമരം നടത്തി. പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ചാണ് യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ​ഭരണസമിതിയുടെ ധിക്കാരപരമായ നടപടി പ്രദേശത്തെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നതാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീകല സുരേഷ്, വന്ദന സുരേഷ്, മോഹൻ കുമാർ, മണിരാജൻ, സൗമ്യ രാജേഷ് എന്നിവർ സമരത്തിന് നേതൃത്വം നൽകി. ​പ്രതിഷേധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനകീയ ആവശ്യങ്ങളെ രാഷ്ട്രീയ വിരോധം വെച്ച് തടസ്സപ്പെടുത്തുന്ന സമീപനമാണ് പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഡി.സി.സി അംഗം ആർ. അജയൻ, അനിൽ പാറ്റൂർ, പി. ജോസ്, മോഹൻ നല്ലവീട്ടിൽ, രവീന്ദ്രൻ നായർ, സജീവ് പാലവിളയിൽ, സ്മിത ബിനു, ആലിയ ഷിലീഫ്, സ്‌മിത എന്നിവർ സംസാരിച്ചു.