ന്യൂഡല്‍ഹി: ഭരണഘടനയുടെയും ജാതിമതഭേദമന്യേയുള്ള ഇന്ത്യൻ ജനാധിപത്യത്തിന്റെയും കാതലായ വോട്ടവകാശം ഇപ്പോള്‍ “വലിയ അപകടത്തിലാണെന്ന്” സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് റോഹിന്റൻ ഫാലി നരിമാൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികള്‍ക്കിടയില്‍ വോട്ടർമാർ കൂട്ടത്തോടെ ഒഴിവാക്കപ്പെട്ട സംഭവത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്കോട്ട് രാജ്കുമാർ കോളേജില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെ പ്രവർത്തിക്കുകയോ അല്ലെങ്കില്‍ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുകയോ ചെയ്യുന്ന ഒരു തെരഞ്ഞെടുപ്പ് കമ്മീഷനെ അംഗീകരിക്കാൻ കഴിയില്ലെന്നും, ഈ ആശങ്കാജനകമായ സംഭവവികാസങ്ങള്‍ തിരുത്താൻ സുപ്രീംകോടതി ഉടൻ ഇടപെടണമെന്നും ജസ്റ്റിസ് നരിമാൻ ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് കമ്മീഷണർമാരെയും നിയമിക്കുന്ന രീതിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവരുള്‍പ്പെടുന്ന കൊളീജിയം മുഖേന തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കണമെന്ന 2023 ലെ അനൂപ് ബരണ്വാള്‍ കേസ് വിധി അദ്ദേഹം ഓർമിപ്പിച്ചു.
എന്നാല്‍ ഇതിന് പകരമായി നിയമം കൊണ്ടുവന്ന സർക്കാർ, പ്രധാനമന്ത്രിയും, അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്ര മന്ത്രിയും, പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതിയാണ് നിയമനങ്ങള്‍ നടത്തുന്നത് എന്നും, ഇത് കാര്യങ്ങള്‍ വീണ്ടും പഴയ പടിയിലാക്കിയെന്നും അദ്ദേഹം വിമർശിച്ചു. പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് 90 ലക്ഷത്തോളം വോട്ടർമാരെ ഒഴിവാക്കിയതായും, അതില്‍ 22 ലക്ഷത്തോളം പേർ അപ്പീല്‍ നല്‍കിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതില്‍ തീർപ്പുകല്‍പ്പിച്ച അപ്പീലുകളില്‍ 93 ശതമാനവും വോട്ടർമാക്ക് അനുകൂലമായിരുന്നു.
ഒരു സർക്കാരിന് തങ്ങള്‍ക്കാവശ്യമുള്ളത് നേടിയെടുക്കാൻ പൗരന്മാരുടെ വോട്ടവകാശം പൂർണമായും നിയമവിരുദ്ധമായി വെട്ടിച്ചുരുക്കുന്ന അവസ്ഥയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന രീതി തികച്ചും സ്വതന്ത്രവും നിഷ്പക്ഷവുമായ ഒന്നായിരിക്കണമെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ജസ്റ്റിസ് നരിമാൻ കൂട്ടിച്ചേർത്തു.

