പത്മകുമാറിന്റെ അറസ്റ്റ്: ശബരിമലയിൽ യുവതീപ്രവേശ വിധി നടപ്പാക്കാൻ ഇറങ്ങിയ പ്രസിഡന്റ് വീണു;ഇനിയാര്?

ശബരിമലയിൽ യുവതീപ്രവേശ വിധി നടപ്പാക്കാൻ ഇറങ്ങിയ പ്രസിഡന്റ് വീണു;ഇനിയാര്?

ശബരിമലയിൽ യുവതീപ്രവേശ വിധി നടപ്പാക്കാൻ പാർട്ടിയും സർക്കാരും മുന്നിട്ടിറങ്ങിയ ഘട്ടത്തിലെ പ്രസിഡന്റ് ആയിരുന്നു പത്മകുമാർ. അറസ്റ്റിലായ അദ്ദേഹം എന്തൊക്കെ തുറന്നുപറയും എന്നതു സിപിഎമ്മിന്റെ നെഞ്ചിടിപ്പിക്കും. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഉന്നമിട്ട് പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. ഉണ്ണിക്കൃഷ്ണൻ പോറ്റിയും എൻ.വാസുവും പത്മകുമാറും ഒരുമിച്ച് കസ്റ്റഡിയിലുള്ള സാഹചര്യത്തിൽ, ഇവരിൽനിന്നു പുറത്തുവരാനിടയുള്ള വിവരങ്ങൾ നിർണായകമാവുകയാണ്. വിശ്വാസികളുടെ മനസ്സിൽ ഈ സംഭവ പരമ്പര സൃഷ്ടിക്കാനിടയുള്ള രോഷം എൽഡിഎഫിന് ഗൗരവത്തിലെടുക്കേണ്ടി വരും.

ശബരിമല സ്വർണക്കൊള്ള നടന്ന കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായ എ.പത്മകുമാർ അറസ്റ്റിലായതോടെ ആ ബോർഡിലെ മറ്റ് അംഗങ്ങളിലേക്കും ചോദ്യമുന നീളുന്നു. ശ്രീകോവിലിലെ സ്വർണപ്പാളികൾ ഇളക്കിയെടുത്ത് തട്ടിപ്പിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കേരളത്തിനു പുറത്തേക്കു കൊടുത്തുവിടാൻ നിയമവിരുദ്ധമായ തീരുമാനമെടുത്തതു ആ ബോർഡാണ്.

തട്ടിപ്പിനു കാരണമായ ഈ തീരുമാനത്തിലും തുടർന്നുണ്ടായ ഗുരുതരമായ അലംഭാവത്തിലും പ്രസിഡന്റിനും അംഗങ്ങൾക്കും രേഖാമൂലം തന്നെ കൂട്ടുത്തരവാദിത്തമാണുള്ളത്. സിപിഐ നേതാവ് കെ.പി.ശങ്കരദാസ്, സിപിഎം പ്രതിനിധി എൻ.വിജയകുമാർ എന്നിവരായിരുന്നു അംഗങ്ങൾ. ഇരുവരെയും കഴിഞ്ഞദിവസം അന്വേഷണസംഘം ചോദ്യംചെയ്തെന്നാണു വിവരം. പത്മകുമാറിന്റെ കാലത്ത് ദേവസ്വം കമ്മിഷണറും പിന്നാലെ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എൻ.വാസുവിനെയും എസ്ഐടി അറസ്റ്റ് ചെയ്തെങ്കിലും അദ്ദേഹത്തിനെതിരെയുള്ള തെളിവുകളിൽ ആ ബോർഡിലെ മറ്റ് അംഗങ്ങൾക്കു പങ്കുള്ളതായി കണ്ടെത്താനായിരുന്നില്ല

ശബരിമലയിലെ പാളികളിൽ പൂശിയശേഷം ബാക്കിവന്ന സ്വർണം ഒരു പെൺകുട്ടിയുടെ കല്യാണത്തിന് ഉപയോഗിക്കുന്നതിൽ ബോർഡിന്റെ നിലപാടു തേടിയുള്ള ഇ മെയിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി അയച്ചത് ബോർഡ് പ്രസിഡന്റായിരുന്ന എൻ.വാസുവിനാണ്. അദ്ദേഹം അതു ബോർഡ് യോഗത്തിൽ ചർച്ച ചെയ്തില്ലെന്നാണു വിവരം. പകരം തിരുവാഭരണം കമ്മിഷണർ അടക്കമുള്ള ഉദ്യോഗസ്ഥർക്കു ഫോർവേഡ് ചെയ്ത ശേഷം തുടർനടപടികളെടുക്കാതെ കണ്ണടയ്ക്കുകയായിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കൂടാതെ തട്ടിപ്പുനടന്ന കാലത്തെ ബോർഡും ഉദ്യോഗസ്ഥരുമടക്കം 15 പ്രതികളാണ് 2 കേസുകളിലുമായുള്ളത്. 6 പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ.

പത്മകുമാറും വാസുവും ഉൾപ്പെടെ നൽകിയിരിക്കുന്ന മൊഴികളിൽ, കേസിൽ പ്രതി ചേർത്തിട്ടില്ലാത്ത പ്രമുഖർക്കെതിരെയടക്കം പരാമർശങ്ങളുണ്ടെന്നാണ് സൂചന. അവരുടെ പങ്കും എസ്ഐടി അന്വേഷിച്ചേക്കും. പങ്കു വ്യക്തമായാൽ പ്രതിചേർക്കാനും സാധ്യതയുണ്ട്. ഹൈക്കോടതി നിയോഗിച്ച സ്പെഷൽ കമ്മിഷണറെ അറിയിക്കാതെ, കഴിഞ്ഞ സെപ്റ്റംബറിൽ ദ്വാരപാലക ശിൽപപാളികൾ വീണ്ടും അഴിച്ചെടുത്ത് സ്വർണം പൂശാനായി ചെന്നൈക്കു കൊണ്ടുപോയതും സംശയാസ്പദമാണെന്നാണ് ഹൈക്കോടതി ഉത്തരവിലുള്ളത്. 2019ലെ കൊള്ള മറയ്ക്കാനുള്ള ശ്രമമാണിതെന്നാണു ഉത്തരവു നൽകുന്ന സൂചന. ഇതു കഴിഞ്ഞ ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിലാക്കുന്നു. അന്വേഷണ നടപടികൾ ആ ബോർഡിലേക്കും നീണ്ടേക്കാം.

54 വർഷത്തെ രാഷ്ട്രീയ പരിചയമുള്ള സിപിഎം നേതാവായ പത്മകുമാർ. 1983 ല്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മുതല്‍ കമ്മിറ്റിയില്‍ അംഗമാണ്. 25 വയസ്സില്‍ പത്മകുമാർ പാർട്ടിയുടെ ഏരിയ സെക്രട്ടറിയായി. 1991 ല്‍ കോന്നി നിയോജകമണ്ഡലത്തില്‍ നിന്ന് 30 വയസ്സുള്ളപ്പോള്‍ അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, എൻഡിപി സ്ഥാനാർത്ഥി ചന്ദ്രശേഖരൻ നായരെ 916 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 1996 ല്‍ കോന്നിയില്‍ കോണ്‍ഗ്രസിന്റെ അടൂർ പ്രകാശിനോട് അദ്ദേഹം പരാജയപ്പെട്ടു. ഇതിനുശേഷം, അദ്ദേഹം ആറന്മുള മണ്ഡലത്തിലേക്ക് മാറി, പക്ഷേ മാലേത്ത് സരളാ ദേവിയോട് പരാജയപ്പെട്ടു.

ചെറുപ്പത്തില്‍ തന്നെ പത്തനംതിട്ടയില്‍ സിപിഎമ്മിന്റെ ഒരു പ്രധാന രാഷ്ട്രീയ നേതാവായി ഉയർന്നുവന്ന പത്മകുമാർ, ഉന്നത പാർട്ടി നേതാക്കളായ വിഎസ് അച്യുതാനന്ദൻ-പിണറായി വിജയൻ ഗ്രൂപ്പ് പോരാട്ടത്തില്‍ പിണറായി വിജയന്റെ ഉറച്ച പിന്തുണക്കാരനുമായിരുന്നു. പാർട്ടി നടപടിക്രമങ്ങളുടെ ഭാഗമായി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടെങ്കിലും, പിന്നീട് ക്രമേണ അദ്ദേഹം ജില്ലാ കമ്മിറ്റിയിലേക്ക് മടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോമസ് ഐസക് സ്ഥാനാർത്ഥിയായിരുന്നപ്പോള്‍, മറ്റൊരു ജില്ലാ കമ്മിറ്റി അംഗവുമായി മുഷ്ടി പോരാട്ടത്തില്‍ ഏർപ്പെട്ടതിന് പാർട്ടി പത്മകുമാറിന് മുന്നറിയിപ്പ് നല്‍കി. സിപിഎമ്മിലൂടെ അനുസരണയുള്ള കേഡറായും വിമതനായും വിവിധ ഘട്ടങ്ങളില്‍ വളർന്ന നേതാവാണ് പത്മകുമാർ.

അയ്യപ്പന്റെ പൊന്ന് മോഷ്ടിച്ചവരെ സംരക്ഷിക്കില്ലെന്ന പതിവു പ്രതിരോധം ശബരിമല സ്വർണക്കവർച്ചയുടെ കാര്യത്തിൽ സിപിഎമ്മിന് ഇനി ഒട്ടും മതിയാവാതെ വരും. തെക്കൻ കേരളത്തിൽ സിപിഎമ്മിന്റെ അറിയപ്പെടുന്ന നേതാക്കളിലൊരാളും മുൻ എംഎൽഎയുമാണ് അറസ്റ്റിലായിരിക്കുന്നത്.

പി.കെ.ചന്ദ്രാനന്ദനെ ദേവസ്വം ബോർഡ് അംഗമാക്കിയതിനു ശേഷം പ്രസിഡന്റ് പദവിയിലേക്ക് സിപിഎം നിയോഗിച്ച ആദ്യ നേതാവായിരുന്നു അന്നു പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എ.പത്മകുമാർ. അങ്ങനെ ഒരാളുടെ അറസ്റ്റ് തദ്ദേശ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോൾ എൽഡിഎഫിനെയും സർക്കാരിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. സ്വർണക്കവർച്ചയിലെ അന്വേഷണവും അറസ്റ്റും ഉദ്യോഗസ്ഥർക്കപ്പുറം എത്തില്ലെന്ന ആദ്യഘട്ടത്തിലെ ദേവസ്വം വകുപ്പിന്റെയും സിപിഎമ്മിന്റെയും വിശ്വാസം കൂടിയാണ് തകരുന്നത്. കോടതിയുടെയും എസ്ഐടിയുടെയും നടപടികൾ തുടക്കത്തിൽ സ്വാഗതം ചെയ്ത സർക്കാർ കേന്ദ്രങ്ങൾ ഇപ്പോഴും ഒരു രാഷ്ട്രീയ ഇടപെടലിനും ഇല്ലെന്നാണ് ആവർത്തിക്കുന്നത്.