ലോകകപ്പില്‍ പന്തുതട്ടാന്‍ മലയാളി

ലോകകപ്പില്‍ പന്തുതട്ടാന്‍ മലയാളി

കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ മലയാളി താരം തഹ്‌സിന്‍ മുഹമ്മദ് ജംഷീദ് ആണ് ടീമില്‍ ഇടംപിടിച്ചത്. ഒരു മലയാളി ഇതാദ്യമായാണ് ഫിഫ ലോകകപ്പിനുള്ള ഒരു ദേശീയ ടീമില്‍ ഇടംപിടിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് യോഗ്യത ഇപ്പോഴും വിദൂര സ്വപ്‌നമായി തുടരുമ്പോള്‍, തഹ്‌സിന്‍ അന്തിമ ഇലവനില്‍ക്കൂടി ഉള്‍പ്പെട്ടാല്‍ ലോകകപ്പ് ചരിത്രത്തില്‍ അതൊരു സുവര്‍ണ അധ്യായമാകും. മുന്നേറ്റ നിരയില്‍ ആവും അദ്ദേഹം കളിക്കുക ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ പ്രമുഖ ക്ലബ്ബായ അല്‍ ദുഹൈലിന്റെ താരമായ തഹ്‌സിന്‍, ഈ പ്രശസ്തമായ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ കൂടിയാണ്.

ചെറുപ്രായത്തില്‍ തന്നെ ഖത്തറിലെ വിവിധ യൂത്ത് അക്കാദമികളുടെ ഭാഗമായിരുന്ന താരം, ദേശീയ തലത്തില്‍ ഖത്തറിന്റെ അണ്ടര്‍-16, അണ്ടര്‍-17, അണ്ടര്‍-19 ടീമുകള്‍ക്കായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. മൈതാനത്ത് ഇടതുവിങ്ങറായി കളിക്കുന്ന തഹ്‌സിന്‍, വേഗതയേറിയ നീക്കങ്ങളിലൂടെ എതിര്‍ പ്രതിരോധ നിരയെ കബളിപ്പിച്ച്‌ ഗോളടിക്കുന്നതിലും സഹതാരങ്ങള്‍ക്ക് ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അതീവ മിടുക്കനാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലൂടെയായിരുന്നു തഹ്‌സിന്റെ അന്താരാഷ്‌ട്ര സീനിയര്‍ ടീം അരങ്ങേറ്റം. പിന്നീട് ഇന്ത്യക്കെതിരായ മത്സരത്തിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ യോഗ്യതാ റൗണ്ടിലെ നിര്‍ണായകമായ അവസാന രണ്ട് മത്സരങ്ങളില്‍ തഹ്‌സിന്‍ ഖത്തറിനായി ബൂട്ടണിഞ്ഞു.

ഖത്തറില്‍ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന തലശ്ശേരി സ്വദേശി ഹിബാസില്‍ ജംഷീദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്‌സിന്‍ മുഹമ്മദ്. ഖത്തറില്‍ തന്നെ ജനിച്ചു വളര്‍ന്ന തഹ്‌സിന്‍ കഠിനാധ്വാനത്തിലൂടെയാണ് ദേശീയ ടീമിലേക്ക് വഴിതുറന്നത്. ജൂണ്‍ 11 മുതല്‍ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായി സംയുക്തമായി നടക്കുന്ന ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലാണ് ഖത്തര്‍ മത്സരിക്കുന്നത്. ഇത്തവണ ലോകകപ്പ് പുല്‍മൈതാനത്ത് ഒരു മലയാളി താരം വിസ്മയം തീര്‍ക്കുന്നത് കാണാനുള്ള ആവേശത്തിലാണ് ആഗോള മലയാളി ഫുട്‌ബോള്‍ ആരാധകര്‍.