ആലപ്പുഴ:സംസ്ഥാന വ്യാപക ലഹരിവിരുദ്ധ പരിശോധനയായ തൂഫാൻ നാർക്കോട്ടിക് ഹണ്ട് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ കഞ്ചാവ് കൈവശം വച്ച യുവാവിനെ എടത്വാ പോലീസ് അറസ്റ്റ് ചെയ്തു ചെറുതന ആയാപറമ്പ് പുത്തൻകളത്തില്‍ കിരണ്‍ കൃഷ്ണൻ (20) പിടിയിലായത്. പോലീസ് എടത്വാ പണ്ടങ്കേരി കൊച്ചുശാസ്താ ക്ഷേത്രത്തിന് സമീപത്തു സംശയാസ്പദ സാഹചര്യത്തില്‍ കണ്ട ഇയാളെ ഓടിച്ചിട്ട് പിടിച്ചു പോലീസ് ചോദ്യം ചെയ്യുകയും തുടർന്നുള്ള പരിശോധയില്‍ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.
എടത്വാ പോലീസ് സിഐ എം. അൻവറിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എസ്‌ഐ രാജേഷ്, സിപിഒമാരായ ഇമ്മാനുവേല്‍, കിരണ്‍ ബാബു എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് പ്രതിയുടെ പക്കല്‍നിന്നു കഞ്ചാവ് കണ്ടെത്തി അറസ്റ്റ് ചെയ്തതെന്നുപോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ജില്ലയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ലഹരി സംബന്ധമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ പോലീസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു

