ജനാധിപത്യം കാത്തുസൂക്ഷിക്കാൻ ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

ജനാധിപത്യം കാത്തുസൂക്ഷിക്കാൻ ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

ജനാധിപത്യം കാത്തുസൂക്ഷിക്കാൻ ആഹ്വാനം ചെയ്ത് സുപ്രീംകോടതിയിലേക്ക് ഇന്ന് ബഹുജനറാലി. സ്നേഹത്തോടും സാഹോദര്യത്തോടും രാജ്യസ്നേഹത്തോടും കൂടെ ഇന്ത്യ മുഴുവനും സുപ്രീംകോടതിയിലേക്ക് മാർച്ച്‌ ചെയ്യുമെന്ന് ഇന്നലെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ രാഹുല്‍ പ്രഖ്യാപിച്ചു. ഇതോടെ രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യ മുന്നണിയിലെ പ്രധാന കക്ഷികള്‍ കൂടി പങ്കെടുക്കുന്നതോടെ രാജ്യതലസ്ഥാനം കൂടുതല്‍ പ്രക്ഷുബ്ധമാകും. വെറുപ്പോ ദേഷ്യമോ ഇല്ലാതെ, സ്നേഹം നിറഞ്ഞ മനസോടെ സമാധാനപരമായി പ്രതിഷേധിക്കാൻ ഡല്‍ഹിയിലേക്ക് എത്തിയ രാജ്യത്തെ യുവജങ്ങളെ പൊലിസും ബിജെപി ഗുണ്ടകളും ചേർന്ന് മർദിച്ചതായി രാഹുല്‍ കുറ്റപ്പെടുത്തി.

ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇന്ത്യ ഇങ്ങനെയല്ല. ജാതി, മതം, സമൂഹം; എല്ലാത്തിനും അതീതമായി ഒന്നിച്ചുകൂടിയ ഇന്ത്യക്കാരായി സുപ്രീംകോടതിയിലേക്ക് മാർച്ച്‌ നയിക്കണം. നരേന്ദ്ര മോദി, അമിത് ഷാ, അജിത് ഡോവല്‍, മോഹൻ ഭാഗവത് എന്നിവർക്ക് ഇന്ത്യയെ നിശബ്ദമാക്കാൻ കഴിയില്ലെന്നും രാഹുല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഭരണഘടനയുടെ പകർപ്പ് കൈയിലേന്തിക്കൊണ്ടായിരുന്നു രാഹുലിന്റെ സന്ദേശം.

വോട്ടുകൊള്ള അവസാനിപ്പിക്കുക, എസ്ഐആർ നിർത്തിവയ്ക്കുക, ഗ്യാനേഷ് കുമാറിന്റെ രാജി തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനമാണ് തയാറാക്കിയിരുന്നത്. ചീഫ് ജസ്റ്റീസിനോട് ഒന്നും ആവശ്യപ്പെടുകയില്ലെന്നും എങ്കിലും രാജ്യത്തിന്റെ ആശങ്ക അദ്ദേഹത്തെ അറിയിക്കുമെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും വ്യക്തമാക്കിയിരുന്നു.