അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത് പൊള്ളയാണ്:ജിന്റോ ജോണ്‍

അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത് പൊള്ളയാണ്: ജിന്റോ ജോണ്‍

അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത് പൊള്ളയാണ് എന്ന് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിലെ കൊച്ചുവീട് ചൂണ്ടിക്കാട്ടിയാണ് ജിന്റോയുടെ വിമര്‍ശനം. 40 വര്‍ഷമായി സിപിഎം ഭരിക്കുന്ന വാണിയംപാറ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ താമസിക്കുന്ന മഞ്ജുള കറുപ്പന്റെ വീട് സന്ദര്‍ശിച്ചാണ് ജിന്റോ കാര്യങ്ങള്‍ വിശദീകരിച്ചത്.

ഡോ. ജിന്റോ ജോനിന്റെ ഫേസ്ബുക് പോസ്റ്റ്: ”ഇത് അതിദരിദ്രര്‍ ഇല്ലാത്ത (!) പിണറായിസ്റ്റ് കേരളത്തിലെ മഞ്ജുള കറുപ്പന്റെ ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി കൊട്ടാരം. ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലത്തിലെ വാണിയംപാറ പഞ്ചായത്തിലെ നിലവിലെ പതിനഞ്ചാം വാര്‍ഡിലെ (മുന്‍പ് 14) വീടാണിത്. ഇന്നലെ ഇവരുടെ തൊട്ടടുത്തുള്ള വീട്ടില്‍ കോണ്‍ഗ്രസ് കുടുംബയോഗത്തിന് പങ്കെടുക്കാന്‍ ചെന്നപ്പോഴാണ് മഞ്ജുള ചേച്ചിയെ പരിചയപ്പെട്ടതും അവരുടെ വീട് കാണാന്‍ സാധിച്ചതും. 40 വര്‍ഷമായി സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ പാര്‍ട്ടിഗ്രാമ സമമായ സിപിഎം കോട്ടയിലാണ് പഞ്ചായത്തിന്റെ ഭവന ഗുണഭോക്തൃ ലിസ്റ്റില്‍ പതിനെട്ടാം നമ്ബറിലുള്ള മഞ്ജുള കറുപ്പന്‍ നിരന്തരം അവഗണിക്കപ്പെടുന്നത്. ഈ അവഗണനയ്ക്ക് കക്ഷിരാഷ്ട്രീയം കൂടി ഒരു കാരണമാണ്. പെണ്‍മക്കളായ വിസ്മയയും വിഷ്ണുമായയും അടങ്ങുന്ന ഈ നാലംഗ കുടുംബം കഴിച്ചുകൂട്ടുന്നത് കേവലം 100 സ്‌ക്വയര്‍ ഫീറ്റില്‍ താഴെ മാത്രം വലിപ്പമുള്ള ചിതലരിച്ച മരക്കമ്ബുകളില്‍ കെട്ടിയ ചോര്‍ന്നൊലിക്കുന്ന ടാര്‍പോളിന്‍ ഷീറ്റിനടിയിലാണ്.

തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ നേതാക്കന്മാരുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ കൊണ്ടാണ് വശങ്ങളില്‍ ചുറ്റുമറ ഉണ്ടാക്കിയിക്കുന്നത്. പ്രദേശത്തെ കൂലിപ്പണിക്കാരുമായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവെടുത്ത് നല്‍കിയ ഒരു കക്കൂസ് കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്ക് നിര്‍മ്മിച്ച്‌ കിട്ടിയത്. പലവട്ടം മുദ്രപത്രം വാങ്ങി പഞ്ചായത്തില്‍ കൊടുത്തതല്ലാതെ ഇവരുടെ കണ്ണുനീരിലേക്ക് ഒന്ന് കണ്ണ് പായിക്കാന്‍ കേരളത്തിലെ അതിദരിദ്രരെ ഇല്ലാതാക്കുന്ന സര്‍ക്കാരിന് സാധിച്ചിട്ടില്ല. നാല് പതിറ്റാണ്ടോളമായി സിപിഎം കൊടികുത്തി വാഴുന്ന പഞ്ചായത്തില്‍, പത്തുവര്‍ഷമായി കേരളം ഭരിക്കുന്ന പിണറായി വിജയന്റെ സര്‍ക്കാരിന്റെ അതിദരിദ്ര പട്ടികയില്‍ ഇവര്‍ ഇല്ലത്രേ! കടുത്ത ശാരീരിക അവശത മൂലം സ്ഥിരമായി കൂലിപ്പണിക്ക് പോലും പോകാന്‍ പറ്റാത്ത കറുപ്പന്റെ രണ്ടു പെണ്‍കുട്ടികളുള്ള ഈ കുടുംബം അതിദരിദ്രരുടെ ഗുണഭോക്ത ലിസ്റ്റില്‍ പെട്ടില്ലെങ്കില്‍ പിണറായി സര്‍ക്കാരിന്റെ ഈ കെട്ടുകാഴ്ചകള്‍ക്ക് എന്തോ കുഴപ്പമുണ്ടല്ലോ.

ഇതുപോലുള്ള ആയിരക്കണക്കിന് വീടുകള്‍ ചൂണ്ടിക്കാണിച്ച്‌ കൊടുക്കാന്‍ സാധിക്കുമെന്നുള്ള ഉത്തമ ബോധ്യത്തോടെ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്. നിങ്ങള്‍ ഈ കാണിക്കുന്ന കോടികള്‍ മുടക്കിയുള്ള പി ആര്‍ പണിയുടെ നൂറിലൊരംശം ആത്മാര്‍ത്ഥത ആ പണം ചെലവഴിച്ച്‌ ഇത്തരം മനുഷ്യര്‍ക്ക് ചോര്‍ന്നൊലിക്കാത്ത വീടുണ്ടാക്കാന്‍ കാണിക്കണം. കേരളത്തില്‍ 591114 മഞ്ഞക്കാര്‍ഡ് ഉടമകളായ അതിദരിദ്രര്‍ ഉണ്ടെന്ന് ഷൊര്‍ണ്ണൂര്‍ എംഎല്‍എ മമ്മിക്കുട്ടിയുടെ ചോദ്യത്തിനാണല്ലോ മന്ത്രി ജി ആര്‍ അനില്‍ ഒരു മാസം മുന്‍പ് നിയമസഭയില്‍ മറുപടി പറഞ്ഞത്. 2021ലെ സിപിഎം പ്രകടനപത്രികയില്‍ പരമദരിദ്രരായ 4.5 ലക്ഷം പേരുണ്ടെന്നും പറയുന്നു. പിന്നെങ്ങനെയാണ് ഈ സര്‍ക്കാര്‍ 64006 കുടുംബങ്ങളെ മാത്രം അതിദരിദ്രരായി നിജപ്പെടുത്തിയത് എന്നുള്ളത്? അതില്‍ 59277 കുടുംബങ്ങളെ ചേര്‍ത്തുനിര്‍ത്തിയപ്പോഴാണ് ചൈനയ്ക്ക് ശേഷം കേരളം അതിദരിദ്രര്‍ ഇല്ലാത്ത അത്ഭുത നാടായി മാറിയത്! എന്തൊരു മാറ്റം ആണല്ലേ നമ്മുടെ കേരളം മാറിയത്.

വിവിധ അന്താരാഷ്ട്ര ഏജന്‍സികളുടേയും യുഎന്‍, ലോകബാങ്ക്, നീതി ആയോഗ് തുടങ്ങി വിവിധ ദേശീയ – അന്തര്‍ദേശീയ സംവിധാനങ്ങളുടേയും മാനദണ്ഡങ്ങളിലൊന്നും പെടാത്ത രീതിയില്‍ അതിദരിദ്രരെ കണ്ടെത്തിയ വിസ്മയത്തിന്റെ പേരാണ് പിണറായിസ്റ്റ് പിആര്‍. അതിദരിദ്രരില്ലെന്ന് പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചടങ്ങിന് പണം കണ്ടെത്തിയതും അതിദരിദ്രരായ കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ മാറ്റിവെച്ച തുകയില്‍ നിന്ന് ഒന്നരക്കോടി വെട്ടി മാറ്റിയിട്ടാണ്.

2011ലെ സെന്‍സസ് പ്രകാരം 1.16 ലക്ഷം കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികള്‍ കേരളത്തിലുണ്ട്. ഇനിയൊരു സെന്‍സസ് വരുമ്ബോള്‍ ഈ എണ്ണം വര്‍ദ്ധിക്കാനേ തരമുള്ളൂ. അതില്‍ കേവലം 6400 കുടുംബങ്ങളെ മാത്രം കൈപിടിച്ചെന്ന് അവകാശപ്പെട്ടു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ അതിദരിദ്രരില്ല എന്നുള്ള പൊള്ളത്തരം പുലമ്ബുന്നത്. പുരയിടം പണയം വെച്ച്‌ കിട്ടുന്ന പണം കൊണ്ട് പട്ടുകോണകം വാങ്ങി പുരപ്പുറത്ത് കെട്ടിയുള്ള ആഘോഷ മഹാമഹം സംഘടിപ്പിക്കുന്നത് പോലെയാണിത്.

പത്തു വര്‍ഷത്തിനിടെ 591368 പേര്‍ ലൈഫ് ഭവന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ ഇനിയും 1.30 ലക്ഷത്തിലധികം വീടുകള്‍ പൂര്‍ത്തീകരിക്കാനുണ്ട്. അതില്‍ തന്നെ 38,000 കുടുംബങ്ങള്‍ എസ് സി/എസ് ടി വിഭാഗത്തിലുള്ളവരാണ് പോലും. സ്വാഭാവികമായും അവരുടെ ഗതികെട്ട സാമൂഹ്യ സാമ്ബത്തിക പരിതസ്ഥിതിയെക്കുറിച്ച്‌ കൂടുതല്‍ പറയേണ്ടതില്ല എന്ന് കരുതുന്നു. ഈ പട്ടികയില്‍ ഇനിയും പെടാത്ത, രാഷ്ട്രീയ വൈരാഗ്യം കൊണ്ട് സിപിഎം ഭരണസമിതികള്‍ അകറ്റി നിര്‍ത്തിയിരിക്കുന്ന പതിനായിരക്കണക്കിന് മനുഷ്യര്‍ വേറെയുമുണ്ട് എന്ന് പിണറായിസ്റ്റ് അടിമകള്‍ അല്ലാത്തവര്‍ തിരിച്ചറിയണം.

കേരളത്തില്‍ അതിദാരിദ്ര്യം ഇല്ലാതായെന്നുള്ള കള്ളവും അശ്ലീലവും സംസ്ഥാന സര്‍ക്കാര്‍ പറയുമ്ബോള്‍ അതിന് വാഴ്ത്തുപാട്ട് നടത്തുന്ന മാധ്യമ സഖാക്കന്മാരും ബെന്യാമിനെ പോലുള്ള സാഹിത്യ സഖാക്കന്മാരും ഉളുപ്പില്ലാതെ പിന്തുണച്ച പ്രസംഗിക്കുന്നതിനെ മനസ്സാക്ഷിയുള്ളവര്‍ നേരറിവുകൊണ്ട് പ്രതിരോധിക്കണം… പതിനാറായിരം രൂപയുടെ തോര്‍ത്തും മുപ്പത്താറായിരം രൂപയുടെ കണ്ണടയും വാങ്ങി വിലസുന്ന എ സി റൂം എലിവാണങ്ങള്‍ ഈ സര്‍ക്കാരിലെ മന്ത്രിമാരാണെന്നും സത്യം തമസ്‌കരിച്ച്‌ അവരെ പിന്തുണക്കുന്ന മാധ്യമ – സാംസ്‌കാരിക സഖാക്കള്‍ വെറും പിണറായിസ്റ്റ് അടിമകള്‍ ആണെന്നും നമ്മള്‍, സാധാരണക്കാര്‍ മുഖത്ത് നോക്കി തിരുത്തണം.