ശബരിമലയില്‍ നിന്ന് 2025 സപ്തംബര്‍ 7ന് ദ്വാരപാലക ശില്‍പങ്ങള്‍ കടത്തിയ സംഭവത്തില്‍ എസ്‌ഐടിയുടെ അന്വേഷണം നീളുന്നത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രേരകശക്തിയിലേക്ക്. പി.എസ്. പ്രശാന്ത് നേതൃത്വം നല്‍കിയ ബോര്‍ഡ് തനിയെ എടുത്ത തീരുമാനമല്ല ഇതെന്ന നിഗമനത്തിലാണ് എസ്‌ഐടി. ബാഹ്യമായ ഉന്നത ശക്തികളില്‍ ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടാകാമെന്നാണ് നിഗമനം.
സ്വര്‍ണക്കൊള്ളയുടെ തയാറെടുപ്പുകള്‍ 2018ല്‍ തുടങ്ങിയതാണ്. ശബരിമല യുവതീ പ്രവേശന പ്രക്ഷോഭങ്ങളുടെ മറവില്‍ 2019 തുടക്കത്തില്‍ അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിന്റെ നേതൃത്വത്തിലാണ് ശ്രീകോവില്‍ കതകുകളും കട്ടിളപ്പാളികളും ഇളക്കിമാറ്റിയത്. ഇതില്‍ കട്ടിളപ്പാളികള്‍ ചെന്നൈയില്‍ എത്തിച്ച് വിജയ് മല്യ പൊതിഞ്ഞ സ്വര്‍ണം വേര്‍പെടുത്തി സ്വര്‍ണം പൂശി തിരിച്ചെത്തിച്ചു. 2019 നവംബറില്‍ എന്‍. വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ ശേഷമാണ് ദ്വാരപാലക പാളികളിലെ പീഠങ്ങള്‍ ഇളക്കി ചെന്നൈയില്‍ എത്തിച്ച് സ്വര്‍ണം പൂശിയത്.
2023 നവബറിലാണ് പി.എസ്. പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡ് അധികാരമേറ്റത്. 2024ലെ മകരവിളക്ക് കഴിഞ്ഞ ഉടന്‍ തന്നെ ദ്വാരപാലക പാളികളില്‍ സ്വര്‍ണം പൂശണമെന്ന് പ്രശാന്ത് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കാട്ടിയ തിടുക്കമാണ് പ്രശാന്തിനു മേല്‍ ഉന്നത സമ്മര്‍ദ്ദം ഉണ്ടായെന്ന സംശയത്തിലേക്ക് എസ്‌ഐടിയെ എത്തിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് കഴിഞ്ഞ വെള്ളിയാഴ്ച കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തത്. തനിക്ക് ഇതില്‍ പങ്കൊന്നും ഇല്ലെന്നാണ് പോറ്റി എസ്‌ഐടിയോടു പറഞ്ഞത്.
അതേസമയം സ്വര്‍ണക്കൊള്ളയില്‍ പ്രതിയാകുന്ന രണ്ടാമത്തെ പ്രസിഡന്റും ഭരണ സമിതിയുമാണ്. മുന്‍ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെയും അന്നത്തെ ഭരണ സമിതിയെയും എസ്‌ഐടി പ്രതികളാക്കിയിരുന്നു.

