ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് അംഗങ്ങളായ എൻ. വിജയകുമാറിനെയും കെ. പി ശങ്കരദാസിനെയും പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നല്‍കും. കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്ത് വിടുന്നതിന് എ. പത്മകുമാർ ആദ്യം ഇടപെടല്‍ നടത്തിയത് ഇവർ കൂടി അംഗങ്ങളായ ബോർഡിലായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന് അപേക്ഷ നല്‍കട്ടെ എന്നതായിരുന്നു അന്ന് എൻ. വിജയകുമാറും കെ. പി ശങ്കരദാസും എടുത്ത നിലപാട്. നേരത്തെ ഇവര് രണ്ടുപേരെയും അന്വേഷണസംഘം പ്രാഥമിക ചോദ്യം ചെയ്യല്‍ നടത്തിയിരുന്നു.
സ്വർണ്ണകൊള്ളയില്‍ എ. പത്മകുമാറിന്റെ പങ്ക് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് കാര്യത്തില്‍ വ്യക്തത വരുത്താനായി ഇരുവരെയും വിളിപ്പിക്കുക. എ. പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച കൊല്ലം വിജിലൻസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. എൻ. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ശബരിമല സ്വർണക്കൊള്ളയില്‍ അറസ്റ്റിലായ പത്മകുമാറിന്റെ വീട്ടില്‍ റെയ്ഡ്. ആറന്മുളയിലെ വീട്ടിലാണ് എസ്‌ഐടി സംഘം റെയ്ഡ് നടത്തുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രത്യേക അന്വേണസംഘം പത്മകുമാറിന്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്. പരിശോധന തുടരുകയാണ്. വനിത പൊലീസ് ഉദ്യോഗാസ്ഥർ അടമുള്ള സംഘമാണ് പരിശോധന നടത്തുന്നത്. വീടിനോടുള്ള ചേർന്നുള്ള ഓഫീസ് മുറിയിലാണ് പ്രധാനമായും പരിശോധിക്കുന്നത്.
ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്തെ ഇടപാടുകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടിയാണ് പരിശോധന. ശബരിമലയിലെ യോഗദണ്ഡില്‍ സ്വർണം പൂശുന്നതില്‍ പത്മകുമാറിന്റെ മകന്റെ പങ്കും പരിശോധിക്കുന്നുണ്ട്. യോഗദണ്ഡില്‍ സ്വർണം പൂശുന്നതിന്റെ ചുമതല പത്മകുമാറിന്റെ മകനാണ് നല്‍കിയിരുന്നത്. അത് വിവാദമായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയില്‍ തട്ടിപ്പ് നടത്താൻ അവസരം ഒരുക്കി കൊടുത്തതില്‍ പത്മകുമാറിന്റൈ പങ്ക് എസ്‌ഐടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

