ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് പറയാനാകില്ല; ടി.കെ.ഗോവിന്ദനെ തള്ളി വി. കുഞ്ഞികൃഷ്ണൻ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശിപാർശ രാഷ്ട്രീയ പ്രേരിതമാണെന്ന ടി.കെ. ഗോവിന്ദന്റെ നിലപാട് തള്ളി പയ്യന്നൂർ എംഎല്‍എ വി. കുഞ്ഞികൃഷ്ണൻ. ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ല. ആരോപണങ്ങള്‍ ഉയർന്നാല്‍ നേതൃത്വം കൃത്യമായ വിശദീകരണം നല്‍കാൻ തയാറാകണം. എന്നാല്‍ ഇക്കാര്യത്തില്‍ അതുണ്ടായിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ വിമർശിച്ചു. വിശദീകരണം നല്‍കാത്തിടത്തോളം ഇതില്‍ എന്തോ കഴമ്പുണ്ടെന്ന് പൊതുജനം കരുതും.

ഇഡി രാഷ്ട്രീയ പ്രേരിതമായി നിലപാടെടുക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രതിപക്ഷത്തുള്ള നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് ഇഡിയുടെ പതിവ് രീതിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് വിശ്വസിക്കാനാവുന്നില്ല. ഇതില്‍ പാർട്ടി വിശദീകരണം നല്‍കണമെന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. പിണറായി വിജയന്റെ കുടുംബത്തിനെതിരായ വിമർശനങ്ങളെ പാർട്ടിക്കെതിരായ കടന്നാക്രമണമായി കാണുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പ്രസ്ഥാനത്തിന് പങ്കുണ്ടെങ്കില്‍ അന്വേഷണം പ്രസ്ഥാനത്തിനെതിരെയും വരുമെന്നും കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി.

ഇഡി നീക്കവും പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട ആരോപണങ്ങളും എല്‍ഡിഎഫില്‍ ചർച്ച ചെയ്യേണ്ട വിഷയമായിരുന്നു. മുന്നണിയിലെ മറ്റ് കക്ഷികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടത് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ ഉത്തരവാദിത്തമാണ്. മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കില്‍ ഇത്തരം വിഷയങ്ങളില്‍ മുന്നണിക്കുള്ളില്‍ തന്നെ വ്യക്തമായ വിശദീകരണം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.