കവർച്ച ചെയ്ത കേസിലെ പ്രതികള്‍ മജിസ്ട്രേട്ടിന്റെ വീട്ടുവളപ്പില്‍ നിന്ന് പൊലീസിനെ വെട്ടിച്ചു കടന്നു.

കവർച്ച ചെയ്ത കേസിലെ പ്രതികള്‍ മജിസ്ട്രേട്ടിന്റെ വീട്ടുവളപ്പില്‍ നിന്ന് പൊലീസിനെ വെട്ടിച്ചു കടന്നു.

വിജനമായ സ്ഥലത്ത് യുവാവിനെ വിളിച്ചുവരുത്തി കവർച്ച ചെയ്ത കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികള്‍ മജിസ്ട്രേട്ടിന്റെ വീട്ടുവളപ്പില്‍ നിന്ന് പൊലീസിനെ വെട്ടിച്ചു കടന്നു. പുഴ നീന്തിക്കടന്ന ഒരാളെ ഒന്നര മണിക്കൂറിനകം പിടികൂടി. രണ്ടാമനായി തെരച്ചില്‍ തുടരുന്നു. നിരവധി കേസുകളില്‍ പ്രതികളായ പത്തനംതിട്ട അടൂർ പള്ളിക്കല്‍ റസല്‍ മൻസിലില്‍ റസല്‍ മുഹമ്മദ് (20), ആലപ്പുഴ നൂറനാട് കുടശനാട് തണ്ടൻവിള വീട്ടില്‍ സൂരജ് (18) എന്നിവരാണ് രക്ഷപ്പെട്ടത്. എറണാകുളം നോർത്തിലെ ഹോട്ടലില്‍ നിന്ന് കടവന്ത്ര പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ഇരുവരെയും മറ്റൊരു കേസിലെ പ്രതിക്കൊപ്പം ഇന്നലെ വൈകിട്ട് 5.45നാണ് വടക്കൻ പറവൂ‌ർ സ്വകാര്യബസ് സ്റ്റാൻഡിന് സമീപം മജിസ്ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കാൻ കൊണ്ടുവന്നത്. കോടതി അവധിയായതിനാല്‍ മജിസ്ട്രേട്ട് വീട്ടിലായിരുന്നു.

കടവന്ത്ര സ്റ്റേഷനിലെ ഒരു എ.എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരാണ് ഒപ്പമുണ്ടായിരുന്നത്. മൂന്നു പ്രതികളുടെയും വിലങ്ങുകള്‍ അഴിച്ചുമാറ്റി മജിസ്ട്രേട്ടിന്റെ വീട്ടിലേക്ക് കയറ്റുന്നതിനിടെയാണ് പൊലീസുകാരെ വെട്ടിച്ച്‌ സൂരജും റസലും ഓടിയത്. ചേന്ദമംഗലം പാലത്തിന് സമീപം പുഴയിലേക്ക് ചാടിയ സൂരജിനെ നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലില്‍ ചെറിയ പല്ലൻതുരുത്ത് തൂയിത്തറ ഭാഗത്ത് നിന്ന് രാത്രി ഏഴരയോടെ കസ്റ്റഡിയിലെടുത്തു. പ്രതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി പറവൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. റസല്‍ മുഹമ്മദിനായി പറവൂർത്തറ ചില്ലിക്കൂടം ക്ഷേത്രപരിസരത്ത് രാത്രിയും വ്യാപക തെരച്ചില്‍ തുടരുന്നു.

ശനിയാഴ്ച പുലർച്ചെയാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ 20കാരനെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം കമ്മട്ടിപ്പാടത്തെ വിജനമായ ഭാഗത്തേക്ക് വിളിച്ചുവരുത്തി മൊബൈല്‍ ഫോണ്‍ കവ‌ർന്നത്. ഗേ ആപ്പിലൂടെ യുവാവുമായി സൗഹൃദം സ്ഥാപിച്ചാണ് വിളിച്ചുവരുത്തിയത്. റസല്‍മുഹമ്മദും സൂരജും പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. പ്രായപൂർത്തിയാകാത്ത ആളെ ഇന്നലെ ജുവനൈല്‍ ജസ്റ്റിസ് ബോർ‌ഡ് മുമ്പാകെ ഹാജരാക്കി. റസല്‍ മുഹമ്മദ് മോഷണ കേസുകളിലുള്‍പ്പെടെ പ്രതിയാണ്. സുരജിനെതിരെയും കേസുകളുണ്ട്