ഗുരുവായൂർ: ശ്രീവത്സം അങ്കണത്തില്‍ നവീകരിച്ച ഗജരാജൻ കേശവന്റെ പ്രതിമ ഇന്ന് സമർപ്പിക്കും. രാവിലെ 9.30ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ സമർപ്പണച്ചടങ്ങ് നിർവഹിക്കും. 1982 നവംബർ 23ന് പ്രശസ്ത ശില്പി എം.ആർ.ഡി. ദത്തന്റെ നേതൃത്വത്തില്‍ കേശവൻ ചരിഞ്ഞ സ്ഥലത്ത് അതേ രൂപത്തിലും വലുപ്പത്തിലുമുള്ള പ്രതിമ നിർമിച്ച് സമർപ്പിച്ചിരുന്നു.
കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലെത്തിയപ്പോള്‍ 2022ല്‍ നവീകരിച്ചു. എന്നാല്‍ പ്രതിമയ്ക്ക് കേശവനുമായി ഒരു സാമ്യവും ഇല്ലെന്ന് വ്യാപക പരാതി ഉയർന്നു. തുടർന്ന് വീണ്ടും നവീകരിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ശില്‍പി എളവള്ളി നന്ദന്റെ നേതൃത്വത്തിലാണ് വീണ്ടും നവീകരണം നടത്തിയത്.
നന്ദന്റെ മകള്‍ നവ്യയടക്കം 12 പേർ ചേർന്ന് നാല് മാസം എടുത്താണ് നവീകരണം പൂർത്തിയാക്കിയത്. 378 സെന്റിമീറ്റർ ഉയരത്തിലാണ് പ്രതിമ പുനർ നിർമിച്ചത്. കൊമ്ബിന്റെയും തുമ്ബിയുടെയും വലിപ്പംകൂട്ടി. മസ്തകം ഉയർത്തിപ്പണിതു. ശരീരഭാഗങ്ങള്‍ കുറച്ചുകൂടി വിസ്തൃതമാക്കി.
ഇതോടെ പുതിയ പ്രതിമയ്ക്ക് കേശവന്റെ രൂപം കൈവന്നു. പത്തുലക്ഷം രൂപ ചെലവഴിച്ച് തൃത്താല കൃഷ്ണാമൃതത്തില്‍ മണികണ്ഠൻ നായർ എന്ന ഭക്തൻ പിതാവിന്റെ സ്മരണയ്ക്ക് വഴിപാടായാണ് സമർപ്പണം നടത്തുന്നത്. 30ന് ദശമി ദിനത്തില്‍ പുതിയ പ്രതിമയില്‍ പുഷ്പചക്രം സമർപ്പിച്ച് ഗജരാജൻ അനുസ്മരണംനടക്കും.

