ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ സുരക്ഷയ്ക്ക് ക്യുആര്‍ കോഡ് അടിസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന ‘കൈറ്റ് – ക്യൂട്രാക്ക് ‘ മൊബൈൽ ആപ്പ് പുറത്തിറക്കി

ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ സുരക്ഷയ്ക്ക് ക്യുആര്‍ കോഡ് അടിസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന 'കൈറ്റ് - ക്യൂട്രാക്ക് ' മൊബൈൽ ആപ്പ് പുറത്തിറക്കി

സംസ്ഥാനത്തെ ഹയര്‍ സെക്കന്ഡറി പരീക്ഷാ നടത്തിപ്പിൽ സുരക്ഷയും സുതാര്യതയും വര്ധിപ്പിക്കുന്നതിനായി കേരള ഇന്ഫ്രാസ്ട്രക്ര്്ചര്‍ ആന്ഡ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷൻ (കൈറ്റ്) ക്യുആര്‍ കോഡ് അടിസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന ‘കൈറ്റ് – ക്യൂട്രാക്ക് ‘ മൊബൈൽ ആപ്പ് പുറത്തിറക്കി. അഞ്ചു മുതൽ ആരംഭിക്കുന്ന ഹയര്‍ സെക്കന്ഡറി പരീക്ഷയുടെ പരീക്ഷാ കേന്ദ്രങ്ങളിൽ ചോദ്യപ്പേപ്പര്‍ പാക്കറ്റ് തുറക്കുന്നത് മുതൽ പരീക്ഷ പൂര്ത്തിയാക്കി ഉത്തരക്കടലാസുകൾ മൂല്യനിര്ണയ ക്യാമ്ബിലേക്ക് അയക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും തത്സമയം ട്രാക്ക് ചെയ്യുന്നതിനും മോണിറ്റര്‍ ചെയ്യുന്നതിനുമായാണ് സംവിധാനം.

എല്ലാ ചീഫ്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും മാര്ച്ച്‌ നാലിന് മുമ്ബായി ആന്ഡ്രോയിഡ് പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഇന്സ്റ്റാൾ ചെയ്ത് ലോഗിൻ ചെയ്യണം. ചോദ്യപേപ്പര്‍ പാക്കറ്റുകൾ സ്കാൻ ചെയ്യുമ്ബോൾ കൃത്യമായ വിഷയമല്ലെങ്കിൽ ആപ്പിൽ എറര്‍ മെസേജ് ദൃശ്യമാകുകയും വിവരം ഉടന്തന്നെ പരീക്ഷാ വിഭാഗത്തിൽ റിപ്പോര്ട്ട് ചെയ്യപ്പെടുകയും ചെയ്യും. പരീക്ഷ ആരംഭിച്ച വിവരവും അവസാനിച്ച വിവരവും നിശ്ചിത സമയത്തിനുള്ളിൽ ആപ്പിൽരേഖപ്പെടുത്തേണ്ടതാണ്.

എല്ലാ ഹയര്‍ സെക്കന്ഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടര്മാര്ക്കും സംസ്ഥാന തലത്തിലും മോണിറ്റര്‍ ചെയ്യുന്നതിനുള്ള ലോഗിനുകൾ ആപ്പിൽ ക്രമീകരിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്ഡറി പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് പരീക്ഷാഫലം പ്രസിദ്ധീകരണം വരെ മുഴുവൻ പരീക്ഷാ പ്രക്രിയയും പൂര്ണമായും ഓട്ടോമേറ്റ് ചെയ്യൽ ലക്ഷ്യമിട്ടുകൊണ്ട് പുതുക്കിയ പോര്ട്ടൽ തയാറാക്കുന്നതിന്റെ ഭാഗമായാണ് സംവിധാനമെന്ന് കൈറ്റ് സിഇഒ കെ. അനവർ സാദത്ത് പറഞ്ഞു.