പന്തളം : മുട്ടാറിനു സമീപം ഒരു സ്വകാര്യ വിദ്യാലയമായി ആരഭിച്ച ഗവ. യു പി സ്കൂൾ മങ്ങാരം 1942 ൽ സർക്കാർ വിദ്യാലയമായി. 1965 ൽ മങ്ങാരം ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. സമൂഹത്തിന്റെ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങളെ സംഭാവനചെയ്തിട്ടുള്ള വിദ്യാലയമാണിത്. നിലവിൽ പൊതുവിദ്യാഭ്യാസ മേഖല
കുട്ടികളുടെ എണ്ണത്തിലുള്ള കുറവ് നേരിടുന്ന ഇന്നത്തെ കാലഘട്ടത്തിലും ഇരുനൂറോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. നിലവിൽ ഈ സ്‌കൂൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്‌തയൊണ്
.എം. എൻ. ഫാമിലി ഫൗണ്ടേഷന്റെയും സ്കൂൾ പി റ്റി എ യുടെയും സ്കൂൾ മാനേജുമെന്റ് കമ്മിറ്റിയുടെയും പരിശ്രമഫലമായി മുൻ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ താല്പര്യത്തെതുടർന്ന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ പ്ലാൻഫണ്ടിൽനിന്നും 2023 ൽ ഒരുകോടിരൂപയ്ക്ക് 4 മുറികളുള്ള കെട്ടിടം പണിയുവാൻ ഭരണാനുമതി നൽകി , കെട്ടിടംപണി പൂർത്തീകരിച്ചിട്ടുണ്ട്. ഇതോടെ ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തതയ്ക്ക് ഒരു പരിധിവരെ പരിഹാരമാകുന്നു.
പുതിയ കെട്ടിടഉദ്ഘാടനകർമ്മം 2026 ആഗസ്റ്റ് 6 വ്യാഴാഴ്ച രാവിലെ 11:00 മണിക്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിക്കുകയാണ്. അടൂർ എം. എൽ. എ. അഡ്വ. സി. വി. ശാന്തകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പത്തനംതിട്ട എം പി ആൻ്റോ ആൻ്റണി, മുൻ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി , മുൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്നു.
ഉദ്ഘാടനപരിപാടികൾ വർണാഭമാക്കുന്നതിന് സാംസ്കാരികഘോഷയാത്ര , കലാപരിപാടികൾ , വിശിഷ്ടാതിഥികളെയും പൂർവ അധ്യാപകരെയും കുടുംബശ്രീ പ്രവർത്തകരെയും ആദരിക്കൽ എന്നീ ചടങ്ങുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. രക്ഷാധികാരികളായ ജനപ്രതിനിധികൾ , സ്വാഗതസംഘം ചെയർപേഴ്സൺ എ ഗിരിജകുമാരി , ജനറൽ കൺവീനർ എം ബി ബിനുകുമാർ എന്നിവരുടെ നേതൃത്വത്തിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ അംഗങ്ങളായ സംഘാടകസമിതി ആറ് സബ് കമ്മിറ്റികളിലായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നാടിന് അഭിമാനകരമായ വിധത്തിൽ ഉദ്ഘാടനം കെങ്കേമ മാക്കി മാറ്റുന്നതാണ് എന്ന് സംഘാടക സമിതി പത്രസമ്മേളനത്തിൽ അറിയിച്ചു.
വാർഡ് കൗൺസിലർ കെ ജി വിദ്യ, സ്വാഗതസംഘം ചെയർപേഴ്സൺ എ ഗിരിജ കുമാരി, ജനറൽ കൺവീനർ എം ബി ബിനുകുമാർ , എസ്എംസി ചെയർമാൻ കെ എച്ച് ഷിജു , സ്കൂൾ ഹെഡ്മിസ്ട്രസ് ജിജി റാണി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഇ എസ് നുജുമുദ്ധീൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ സംസാരിച്ചു


