തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യ മേഖല തകർന്നതിൻറെ ഏറ്റവും ഒടുവിലത്തെ ഇരയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ച വേണുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആറു ദിവസം വേണു ആശുപത്രിയില്‍ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നും ആശുപത്രിയില്‍ പൂർണ അവഗണനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വല്ലപ്പോഴും സർക്കാർ ആശുപത്രികളില്‍ ഉണ്ടായിക്കൊണ്ടിരുന്ന കാര്യങ്ങള്‍ നിരന്തരം ആവർത്തിക്കുകയാണ്. ഉപകരണങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്.ഒരുപാട് പ്രശ്നങ്ങള്‍ ആരോഗ്യ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്നു. ഈ സർക്കാറിന്റെ കാലത്ത് ആരോഗ്യ മേഖല തകർന്ന് തരിപ്പണമായി. ആരോഗ്യമന്ത്രി സ്വയം രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ശബരിമല സ്വർണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോർഡ് ഗുരുതര കുറ്റകൃത്യം നടത്തിയെന്ന് ഹൈകോടതി കണ്ടെത്തിയ സാഹചര്യത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണം. പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യണം. ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാർക്കാണ് കാലാവധി നീട്ടി നല്‍കാൻ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാറിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് ശബരിമലയിലെ എല്ലാ തട്ടിപ്പുകളും നടന്നത് എന്നതുകൊണ്ടാണ് അമ്ബലകള്ളന്മാർക്ക് കുടപിടിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ തട്ടിപ്പ് അറിഞ്ഞിട്ടും കോടതി വിധി ലംഘിച്ചാണ് സ്വർണം പൂശാൻ ശില്‍പങ്ങള്‍ വീണ്ടും അയാളെ ഏല്‍പ്പിച്ചത്. നിലവിലെ ദേവസ്വം പ്രസിഡന്റിന്റെയും ബോർഡിന്റെയും ഭാഗത്തുനിന്നു നിയമ വിരുദ്ധ ഇടപെടലുണ്ടായെന്നു വ്യക്തം. ശബരിമലയിലെ അമൂല്യ വസ്തുക്കള്‍ അന്തരാഷ്ട്ര മാർക്കറ്റില്‍ കോടികള്‍ക്ക് വിറ്റോയെന്ന സംശയവും കോടതി പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശബരിമലയിലെ സ്വർണം ഉള്‍പ്പെടെ എല്ലാ വസ്തുക്കളും കോടതി നിരീക്ഷണത്തില്‍ പരിശോധിച്ച് മൂല്യനിർണയം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.

