ഡല്‍ഹിയില്‍ മിന്നല്‍ സമരവുമായി വിദ്യാര്‍ഥി സംഘടനകള്‍; പ്രവര്‍ത്തകരെ വലിച്ചിഴച്ച്‌ പൊലിസ്

വോട്ടർ പട്ടിക തിരുത്തലിന്റെ പേരില്‍ വ്യാപകമായി വോട്ടുകള്‍ വെട്ടിമാറ്റിയെന്ന് ആരോപിച്ച്‌ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ വിദ്യാർഥി സംഘടനകളുടെ മിന്നല്‍ പ്രതിഷേധം. എഐഎസ്‌എ, എസ്‌എഫ്‌ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെയും സിജെപി പ്രവർത്തകരുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധം കടുത്ത സംഘർഷത്തില്‍ കലാശിച്ചു.

പ്രതിഷേധക്കാരെ ഡല്‍ഹി പൊലിസ് ബലം പ്രയോഗിച്ച്‌ വലിച്ചിഴച്ച്‌ കസ്റ്റഡിയിലെടുത്തു. നിരോധനാജ്ഞ ലംഘിച്ച്‌ ജന്തർ മന്തറിലേക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്കും മാർച്ച്‌ നടത്താൻ ശ്രമിച്ച നേതാക്കളെയും പ്രവർത്തകരെയും വഴിയില്‍ തടഞ്ഞ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ദില്ലി ഹാട്ട് അടക്കമുള്ള വിവിധ കേന്ദ്രങ്ങളില്‍ വിദ്യാർഥികള്‍ സമരം തുടർന്നു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ പൊലിസ് അടിച്ചമർത്തുകയാണെന്ന് വിദ്യാർഥി നേതാക്കള്‍ ആരോപിച്ചു.