നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടക്കേസില്‍ പ്രതി സുഹൈല്‍ സജീവിനൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി.
നിനവ്, അമീർ, ജോയല്‍ എന്നിവർക്കെതിരെയാണ് പ്രേരണക്കുറ്റം ചുമത്തിയത്. ബോധമില്ലാത്ത അവസ്ഥയില്‍ വാഹനം ഓടിക്കാൻ പ്രേരിപ്പിച്ചെന്നും മദ്യപിച്ച് വാഹനമോടിക്കുന്നത് അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ കേസെടുത്തത്.
അപകടത്തിനുശേഷം ഇവർ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തെക്കുറിച്ചും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം സുഹൈലിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കും. അപകടവുമായി ബന്ധപ്പെട്ട പൊലിസ് റിപ്പോർട്ട് ലഭിച്ചശേഷം ലൈസൻസ് റദ്ദാക്കാനാണ് നീക്കം.
അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി കാറിലെ ഇവന്റ് ഡാറ്റാ റെക്കോർഡർ (ഇഡിആർ) പൊലിസ് പരിശോധിക്കും. അപകടസമയത്തെ വാഹനത്തിന്റെ വേഗം, ബ്രേക്ക് ഉപയോഗിച്ചിരുന്നോ, എത്രനേരം ആക്സിലറേറ്റർ അമർത്തിയിരുന്നു തുടങ്ങിയ വിവരങ്ങള്‍ ഇഡിആറില്‍നിന്ന് ലഭിക്കും. ബിഎംഡബ്ല്യുവില്‍നിന്നുള്ള മെക്കാനിക്കുകളെ എത്തിച്ച് ഇഡിആർ വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലിസിന്റെ നീക്കം.

