ഹൈക്കോടതി പ്ലീഡര്‍ നിയമനത്തില്‍ കോണ്‍ഗ്രസിനുള്ളിലെ വിവാദം കത്തുന്നു. തിരുവനന്തപുരം ലോ കോളജില്‍ എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നയാളെ പ്ലീഡറാക്കിയിയെന്നാണ് പരസ്യ വിമർശനവുമായി കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ തന്നെ രംഗത്തെത്തി. ലോ കോളേജിൽ കെ എസ് യു പ്രവർത്തകരെ നിരന്തരം മർദിക്കാൻ നേതൃത്വം നൽകിയ മുൻ എസ് എഫ് ഐ പ്രവർത്തകയെ ഗവൺമെന്റ് പ്ലീഡറാക്കിയതിനെതിരെ രൂക്ഷവിമർശനമാണ് അലോഷ്യസ് ഉയർത്തിയത്.
ഇക്കാലമത്രയും സംഘടനയ്ക്ക് വേണ്ടി തെരുവിൽ ചോരയൊഴുക്കിയവരെയും കേസുകളിൽ പ്രതികളായവരെയും നോക്കുകുത്തിയാക്കി വഴിയിൽ കൂടി പോകുന്ന എസ് എഫ് ഐക്കാരെ ചുമക്കേണ്ട ബാധ്യത യു ഡി എഫ് സർക്കാരിനില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ പത്ത് വർഷം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാൻ വിളിച്ചുകൊണ്ടിരുന്ന നേതാക്കൾ ഇപ്പോൾ കെ എസ് യു പ്രവർത്തകർക്ക് വേണ്ടി വിളിക്കുമ്പോൾ ഫോൺ എടുക്കാത്തത് തെറ്റായ പ്രവണതയാണെന്നും, “കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ” എന്ന അവസ്ഥ വന്നതിനാലാണ് പരസ്യ പ്രതികരണത്തിന് മുതിർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

