കണ്ണൂർ: പൊതു തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സ്വന്തം തട്ടകത്തില്‍ തന്നെ പരസ്യമായ പ്രതിഷേധം പുകയുന്നു. പാർട്ടിയുടെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തളിപ്പറമ്പ് മണ്ഡലത്തിലെ ധർമ്മശാലയിലാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഒപ്പം ജില്ലാ സെക്രട്ടറിയെയും വിമർശിക്കുന്നുണ്ട്. “പൊതുമണ്ഡലങ്ങളില്‍ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക” എന്ന ശക്തമായ ആവശ്യമാണ് ‘മോറാഴ സഖാക്കള്‍’ എന്ന പേരില്‍ പതിച്ചിട്ടുള്ള പോസ്റ്ററുകളിലുള്ളത്.
സ്ഥാനാർത്ഥി പ്രഖ്യാപന വേള മുതല്‍ മണ്ഡലത്തില്‍ നിലനിന്നിരുന്ന കടുത്ത അസംതൃപ്തിയാണ് ഇപ്പോള്‍ പരസ്യമായ പടയൊരുക്കമായി മാറിയിരിക്കുന്നത്. തളിപ്പറമ്പ് മണ്ഡലത്തില്‍ ഗോവിന്ദൻ മാസ്റ്ററുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ ഭാര്യയെ തന്നെ തീരുമാനിച്ചതില്‍ പാർട്ടി കീഴ്ഘടകങ്ങളില്‍ വലിയ അമർഷം നിലനിന്നിരുന്നു. കുടുംബവാഴ്ചയെന്നും പാർട്ടി താല്പര്യത്തേക്കാള്‍ വ്യക്തിതാല്‍പ്പര്യത്തിന് മുൻഗണന നല്‍കുന്നുവെന്നും ഉള്ള ആക്ഷേപം പ്രവർത്തകർക്കിടയില്‍ ശക്തമായിരുന്നു. ഇതിന്റെ തുടർച്ചയായാണ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ തിരിച്ചടി നേരിട്ടതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സിപിഎമ്മിന്റെ ഉറച്ച വോട്ടുകളില്‍ വലിയ തോതിലുള്ള ചോർച്ചയുണ്ടായതായി കാണാം.
പാർട്ടി അനുഭാവികള്‍ തന്നെ നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് വിട്ടുനിന്നതോ യുഡിഎഫിന് വോട്ട് ചെയ്തതോ ആണ് യുഡിഎഫിന്റെ വമ്പിച്ച വിജയത്തിന് വഴിയൊരുക്കിയത്. പാർട്ടിയിലെ ഉള്‍പ്പോരുകളെ തുടർന്ന് പുറത്തുപോയവർ പോലും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു കയറിയത് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്.

