തൃശ്ശൂർ വെടിക്കെട്ട് പുരയിലെ അപകടം;മൃതദേഹഭാ​ഗങ്ങൾക്കായി തെരച്ചിൽ തുടരും

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ അപകടം;മൃതദേഹഭാ​ഗങ്ങൾക്കായി തെരച്ചിൽ തുടരും

തൃശ്ശൂർ:മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്. വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും. മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ നടത്തും. കെ‍ഡാവർ നായ്ക്കളെ അടക്കം സ്ഥലത്ത് എത്തിച്ച് പരിശോധന നടത്താനാണ് തീരുമാനം. വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരുടെ നില ​ഗുരുതരമായി തുടരുകയാണ്. രണ്ട് പേർ വെന്റിലേറ്ററിലാണുള്ളത്. ആകെ 13 പേരാണ് ചികിത്സയിലുള്ളത്. രാവിലെ മുതൽ പോസ്റ്റ്മോർട്ടം പുനരാരംഭിക്കും. ഇതുവരെ 5 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് കൈമാറിയിട്ടുണ്ട്. പ്രദേശത്തെ ജലാശയങ്ങളിലും തെരച്ചിൽ നടത്തും.

തൃശൂർ വെടിക്കെട്ട്‌ പുരയിലെ സ്ഫോടനത്തിൽ മരിച്ചവരുടെ പോസ്റ്റ്‌ മോർട്ടം രാവിലെ മുതൽ തുടങ്ങും. 9 മൃതദേഹങ്ങൾ കിട്ടിയതിൽ അഞ്ചു പേരുടെ പോസ്റ്റ്‌ മോർട്ടം രാത്രി തന്നെ പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടു നൽകിയിരുന്നു. ബാക്കി നാല് മൃതദേഹങ്ങളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. 23 ശരീര ഭാഗങ്ങളും കിട്ടിയതായി മെഡിക്കൽ കോളേജ് ഫോറെൻസിക് വിഭാഗം അറിയിച്ചു.  ഇവയിൽ 11 ശരീര ഭാഗങ്ങളുടെ പോസ്റ്റ്‌ മോർട്ടം പൂർത്തിയായി. ബാക്കി ഇന്ന് നടക്കും. ചികിത്സയിൽ കഴിയുന്ന 13 പേരിൽ 5 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. രണ്ടു പേർ വെന്റിലേറ്ററിലാണ്.

വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള സോക്ടർമാരുടെ കൂടുതൽ സംഘങ്ങൾ തൃശൂർ മെഡിക്കൽ കോളേജിൽ എത്തി. ഒരു രോഗിക്ക് മൂന്നു ഡോക്ടർമാരുടെയെങ്കിലും പരിചരണം ഉറപ്പാക്കും എന്നാണ് ആരോഗ്യ മന്ത്രി അറിയിച്ചത്.