കൊച്ചി: ശമ്പളം ലഭിക്കാത്തതിന്റെ വിരോധത്തില്‍ അസിസ്റ്റന്റ് ഷെഫ് ത്രീസ്റ്റാർ ഹോട്ടലിലെ റെസ്റ്റോറന്റ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുതകർത്തു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടലിലെ റെസ്റ്റോറന്റില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അസിസ്റ്റന്റ് ഷെഫായ ഉത്തരാഖണ്ഡ് അല്‍മോറ സ്വദേശി വിജയ് റാമിനെ (26) എറണാകുളം സെൻട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വർഷങ്ങളായി ഈ ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു വിജയ് റാം.
അടുത്തിടെ ജോലിയില്‍ നിന്ന് ഒഴിവാകുകയാണെന്ന് ഇയാള്‍ ഹോട്ടല്‍ അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് വിജയ് റാമിന് പകരം മറ്റൊരാളെ ഹോട്ടല്‍ അധികൃതർ നിയമിച്ചു. എന്നാല്‍ ജോലിയെടുത്ത മാസത്തെ ശമ്പളം നല്‍കിയില്ലെന്നാരോപിച്ച് പ്രതി ഹോട്ടലിലെത്തി അക്രമാസക്തനാകുകയായിരുന്നു. ഒരു കൈയില്‍ ബാറ്റും മറ്റൊരു കൈയില്‍ കത്തിയുമായാണ് വിജയ് റാം ഹോട്ടലില്‍ എത്തിയത്. റെസ്റ്റോറന്റിലേക്ക് അതിക്രമിച്ച് കയറി ഇവിടുത്തെയും കിച്ചണിലെയും ഗ്ലാസ് ഡോറുകള്‍, ടി.വി, കമ്പ്യൂട്ടർ, പാത്രങ്ങള്‍ എന്നിവയെല്ലാം തകർത്തു. പിടിച്ചുമാറ്റാൻ ചെന്ന ജീവനക്കാരെ കത്തിവീശി ഭീതിയിലാക്കിയായിരുന്നു അതിക്രമം. ശേഷം പ്രതി സ്ഥലംവിട്ടു.
പിന്നാലെ ഹോട്ടല്‍ അധികൃതർ പൊലീസില്‍ പരാതി നല്കി. അന്വേഷണത്തില്‍ കൊച്ചിയില്‍ നിന്ന് തന്നെ പ്രതിയെ പിടികൂടി. ഓണ്‍ലൈൻ ഗെയിമിലൂടെ വലിയൊരു തുക പ്രതിക്ക് നഷ്ടമായിട്ടുണ്ട്. ഇതിന്റെ മനോവിഷമവും തനിക്ക് പകരം മറ്റൊരാളെ നിയമിച്ചതുമാണ് അതിക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

