കുന്ദമംഗലം കുരിക്കത്തൂരിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. വീട് വാടകയ്ക്കെടുത്ത മുണ്ടിക്കല്‍ താഴം സ്വദേശി വിഷ്ണുവിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സ്ഫോടനത്തില്‍ ഇയാളുടെ സഹോദരനും ബന്ധുവും മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേർ നിലവില്‍ ചികിത്സയിലാണ്. മാസങ്ങള്‍ക്ക് മുൻപ് വിഷ്ണു വാടകയ്ക്കെടുത്ത വീട്ടില്‍ അനധികൃത പടക്ക നിർമാണത്തിനായി വലിയ തോതില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നു.
സ്ഫോടനത്തില്‍ വിഷ്ണുവിന്റെ സഹോദരൻ രാഹുല്‍ , ഭാര്യ സഹോദരൻ രാഹുല്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വിഷ്ണുവിന്റെ ഭാര്യ സിമി, സുഹൃത്ത് ഹിജിത്ത് എന്നിവർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഫോടനം നടക്കുമ്പോള്‍ താൻ വീടിന് പുറത്തായിരുന്നു എന്നാണ് വിഷ്ണുവിന്റെ മൊഴി. ഇത്രയധികം സ്ഫോടക വസ്തുക്കള്‍ എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്‍ ഉള്‍പ്പെടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

