പാർട്ടിയില്‍ ഇതുവരെ കാണാത്ത തെറ്റായ പ്രവണതകള്‍ ചോദ്യം ചെയ്തിട്ടും തിരുത്താൻ നേതൃത്വം തയ്യാറായില്ല :ടി കെ ഗോവിന്ദൻ

പാർട്ടിയില്‍ ഇതുവരെ കാണാത്ത തെറ്റായ പ്രവണതകള്‍ ചോദ്യം ചെയ്തിട്ടും തിരുത്താൻ നേതൃത്വം തയ്യാറായില്ല :ടി കെ ഗോവിന്ദൻ

കണ്ണൂർ: പാർട്ടി വിട്ട മുതിർന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.കെ. ഗോവിന്ദനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ടി.കെ. ഗോവിന്ദനുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. യുഡിഎഫിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പത്നി പി.കെ. ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാർത്ഥിയാക്കിയതിനെതിരെ പരസ്യമായി രംഗത്തുവന്നാണ് ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടത്.

പാർട്ടിയില്‍ ഇതുവരെ കാണാത്ത തെറ്റായ പ്രവണതകള്‍ ചോദ്യം ചെയ്തിട്ടും തിരുത്താൻ നേതൃത്വം തയ്യാറാകാത്തതാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. അനീതിക്ക് വഴങ്ങി പാർട്ടിയില്‍ തുടരാനാകില്ല, ഈ അവസ്ഥ തുടർന്നാല്‍ തളിപ്പറമ്പില്‍ പാർട്ടി തകരും കണ്ണൂരില്‍ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. വർഗീയ ശക്തികളുടെ പിന്തുണ സ്വീകരിക്കില്ലെന്നും എന്നാല്‍ യുഡിഎഫ് പിന്തുണ നല്‍കിയാല്‍ അത് സ്വീകരിക്കുമെന്നും ടി.കെ. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ ചർച്ചകള്‍ സജീവമാക്കിയത്. നിലവില്‍ കൈത്തറി വികസന കോർപ്പറേഷൻ ചെയർമാനാണ് ടി കെ ഗോവിന്ദൻ.