ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസ്: വിധി ഇന്ന്

ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസ്: വിധി ഇന്ന്

ഡോ. വന്ദനദാസ് വധക്കേസിൽ ഇന്ന് വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ അന്തിമ വാദം പൂർത്തിയായി. കേസിൽ 70 ൽ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. അധ്യാപകനായിരുന്ന പ്രതി സന്ദീപ് 2023 മെയ് പത്താം തിയതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് കത്രിക ഉപയോഗിച്ച് ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ പ്രതി ആക്രമിച്ചു എന്നുമാണ് കേസ്.

2023 മേയ് 10-നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രതി സന്ദീപ് മദ്യലഹയിൽ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയത്. പുലർച്ചെ നാലരയ്ക്കാണ് സന്ദീപിനെ പോലീസുകാ‍ർ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിക്കുന്നത്. കാലിൽ മുറിവേറ്റ നിലയിൽ മദ്യലഹരിയിൽ കണ്ടെത്തിയ സന്ദീപിനെയാണ് ആശുപത്രിയിലെത്തിച്ചത്. കൈവിലങ്ങ് വയ്ക്കാതെ ആശുപത്രിയിലെത്തിച്ച സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെയും ഡ്രസിംഗ് റൂമിലുണ്ടായിരുന്ന ജീവനക്കാരനെയും ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ വന്ദന ഒഴികെ ചുറ്റുമുണ്ടായിരുന്നവരെല്ലാം ഓടിരക്ഷപ്പെട്ടു. തുടർന്ന് പ്രതി മേശപ്പുറത്തിരുന്ന കത്രിക ഉപയോഗിച്ച് വന്ദനയെ കുത്തുകയായിരുന്നു.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളടക്കം തെളിവായി കോടതി ഹാജരാക്കിയിരുന്നു. 70 സാക്ഷികളും 207 രേഖകളും 23 തൊണ്ടി മുതലുകളും ആണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി. പടിക്കൽ കോടതിയിൽ ഹാജരാക്കിയത്.കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവരാണ് ഹാജരാകുന്നത്.